തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. അഗ്നിശമന സേനയുടെ പ്രവര്‍ത്തനാനുമതി കിട്ടിയിട്ടില്ലാത്തതിനാല്‍ കെട്ടിട നമ്പര്‍ പോലും ഇതുവരെ ആയിട്ടില്ല. കരാര്‍ കമ്പനി ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറുകപോലും ചെയ്യാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആക്ഷേപം ഉണ്ട്.
കെട്ടിടത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട അഗ്നിരക്ഷാസേനയുടെ അനുമതി ലഭിക്കാത്തതാണ് തടസം. അതിനാല്‍ കെട്ടിടം നമ്പറും കിട്ടിയിട്ടില്ല. അതോടെ കരാര്‍ കമ്പനിയില്‍ നിന്ന് ആരോഗ്യവകുപ്പ് കെട്ടിടം ഏറ്റെടുത്തിട്ടില്ല. മൂന്ന് ഷിഫ്റ്റിലായി 19 ഡോക്ടര്‍മാരേ ഇപ്പോഴുളളു. നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും കുറവാണ്. അംഗബലം കൂട്ടാതെ പുതിയ കെട്ടിടം തുറക്കാനാകില്ല. എക്സറേ വിഭാഗം പ്രവര്‍ത്തിപ്പിക്കാനും ജീവനക്കാര്‍ വേണം. ഇതൊന്നും ചിന്തിക്കാതെയാണോ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്തിയതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.