ഇന്ത്യയുടെ ഏഷ്യാകപ്പ് വിജയത്തിന് പിന്നാലെ മുന്‍ പാക് താരം സയ്ദ് അജ്മലിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 2009 ലോകകപ്പ് വിജയത്തിന് ശേഷം പാക് പ്രധാനമന്ത്രി നല്‍കിയ 25 ലക്ഷത്തിന്‍റെ ചെക്ക് ബൗണ്‍സായി എന്നാണ് സയ്ദ് അജ്മല്‍ പറയുന്നത്. യൂട്യൂബർ നാദിർ അലിക്കൊപ്പമുള്ള 2023 ലെ പോഡ്കാസ്റ്റാണ് വൈറലായത്.
വിജയിച്ച ടീമിന് അന്നത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി 25 ലക്ഷം പാക് രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് ലഭിച്ച ശേഷം ചെക്ക് ബൗണ്‍സായി എന്നുമാണ് സയ്ദിന്‍റെ വാക്കുകള്‍. സര്‍ക്കാര്‍ ചെക്ക് പോലും ബൗണ്‍സാകുന്നത് എന്നെ ഞെട്ടിച്ചു. പിസിബി മേധാവി ഇക്കാര്യം കൈകാര്യം ചെയ്യാമെന്ന് ഞങ്ങളോട് പറഞ്ഞു. പക്ഷെ അത് സര്‍ക്കാറിന്‍റെ വാഗ്ദാനം മാത്രമാണെന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. ഐസിസിയില്‍ നിന്നുള്ള പണം മാത്രമാണ് ആകെ ലഭിച്ചതെന്നും സയ്ദ് പറഞ്ഞു.
ഏഷ്യാകപ്പിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വൈറലായ വിഡിയോയില്‍ ക്രിക്കറ്റ് ബോർഡുകളുടെ സമീപനത്തെയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏഷ്യാകപ്പിലെ വിജയത്തിന് പിന്നാലെ ബിസിസിഐ ഇന്ത്യൻ ടീമിന് 21 കോടി രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരുന്നു.
2009 ലെ ട്വന്‍റി20 ചാംപ്യന്‍മാരായ പാക്കിസ്ഥാന്‍ ടീമില്‍ 12 വിക്കറ്റുകളാണ് സയ്ദ് നേടിയത്. ബൗളിംഗ് ആക്ഷനില്‍ ഐസിസി നടപടിയെടുത്തതിന് പിന്നാലെ 2015 സയ്ദ് കരിയർ അവസാനിപ്പിച്ചിരുന്നു.
അതേസമയം ഏഷ്യാകപ്പുമായി ബന്ധപ്പെട്ട ട്രോഫി വിവാദം തുടരുകയാണ്. എസിസി ചെയര്‍മാന്‍ മുഹ്സിന്‍ നഖ‍്‍വിയോട് ട്രോഫി ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ എസിസി ഓഫിസിലേക്ക് എത്തിക്കാനും അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുമാണ് ബിസിസിഐ പദ്ധതി . ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത മറ്റു ക്രിക്കറ്റ് ബോര്‍ഡുകളെ വിഷയത്തില്‍ ഉള്‍പ്പെടുത്തി ട്രോഫി തിരികെ എത്തിക്കാനാണ് ബിസിസിഐയുടെ നീക്കം. ട്രോഫി വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലും ബിസിസിഐ അവതരിപ്പിക്കും.