Image Credit: Facebook/ShikharDhawan

അനധികൃത ബെറ്റിങ് ആപ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഇഡിയുടെ നോട്ടിസ്. നിയമ വിരുദ്ധ വാതുവയ്പ് ആപ്പായ 1x ബെറ്റിനെതിരെ സാമ്പത്തിക തട്ടിപ്പ് നിരോധന നിയമം അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആപ്പുമായി ധവാനുള്ള ബന്ധം വെളിവാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വ്യക്തത വരുന്നതിനാണ് ചോദ്യം ചെയ്യുന്നതെന്നും ഇഡി അറിയിച്ചു. 

നിരവധിപ്പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് മുതല്‍ കോടികളുടെ നികുതി വെട്ടിപ്പ് കേസുവരെ അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കെതിരെയുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്നയെ കഴിഞ്ഞമാസം ഇഡി ചോദ്യം ചെയ്തിരുന്നു. എട്ടുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. 1xബെറ്റ് ആപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇതും. 

ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഗൂഗിളില്‍ നിന്നും മെറ്റയില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പുറമെ പരിമാച്ച് എന്ന ബെറ്റിങ് ആപ്പിനെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലും ഇഡി അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിവിധ ബെറ്റിങ് ആപ്പുകള്‍ 22 കോടിയോളം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മാര്‍ക്കറ്റ് അനാലിസിസ് കമ്പനികളുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 11 കോടിപ്പേരും പതിവ് ഉപഭോക്താക്കളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.100 ബില്യണ്‍ യുഎസ് ഡോളറിന്‍റെ മാര്‍ക്കറ്റാണ് ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പിന് ഇന്ത്യയില്‍ നിലവില്‍ ഉള്ളതെന്നും ഇതിന്‍റെ വളര്‍ച്ചാനിരക്ക് 30 ശതമാനത്തിലേറെയാണെന്നും വിദഗ്ധര്‍ പറയുന്നു. 

ENGLISH SUMMARY:

Shikhar Dhawan ED Notice focuses on the recent summons issued to cricketer Shikhar Dhawan by the Enforcement Directorate (ED) in connection with an illegal betting app case. The ED is investigating Dhawan's alleged links to the 1xBet app and its associated financial irregularities.