മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കുറ്റവിമുക്തന്‍. കേസുമായി ബന്ധപ്പെട്ട് സമന്‍സ് നല്‍കിയിട്ടും ഹാജരായില്ലെന്ന ഇഡിയുടെ പരാതിയിലെ രണ്ട് കേസുകളിലാണ് കേജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയത്. പ്രത്യേക പിഎംഎല്‍എ കോടതിയുടേതാണ് വിധി. അതേസമയം, മദ്യനയ അഴിമതിയില്‍ സി.ബി.ഐയും ഇ.ഡിയും റജിസ്റ്റര്‍ ചെയ്ത പ്രധാന കേസുകളില്‍ കേജ്രിവാള്‍ പ്രതിയായി തുടരും.
2024 ഫെബ്രുവരിയിലാണ് സമന്‍സ് നല്‍കിയിട്ടും കേജ്‌രിവാള്‍ ഹാജരായില്ലെന്ന് കാണിച്ച് ഇഡി കോടതിയിലെത്തുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ചുതവണയായിരുന്നു ഇഡി കേജ്‌രിവാളിന് സമന്‍സ് നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരമായിരുന്നു ഇഡിയുടെ സമന്‍സ്. 2021- 22 ലെ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് 17 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നത്.
2022 ജൂലൈ 20 ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 2022 ഓഗസ്റ്റ് 22 ന് പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യനയ അഴിമതിക്കേസില്‍ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സുപ്രീം കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.