ഇഡിയുടെ നോട്ടീസ് കിട്ടിരുന്നെന്ന്  സമ്മതിച്ച്  കിറ്റക്സ് എംഡിയും  ട്വന്‍റി 20 കോ ഓര്‍ഡിനേറ്ററുമായ സാബു എം.ജേക്കബ് .  ഇഡിയെ ഭയന്നാണ് എന്‍ഡിഎ പ്രവേശനമെന്ന ആക്ഷേപത്തിലാണ് സാബു എം.ജേക്കബിന്‍റെ പ്രതികരണം. കിറ്റെക്സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുകമാത്രമാണുണ്ടായതെന്നും  സാബു പ്രതികരിച്ചു.

‌ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നെന്നാണ്  കോണ്‍ഗ്രസ് ആരോപണം. സാബു എം ജേക്കബിന്‍റെ കമ്പനിക്കെതിരെ ഇഡി രണ്ടു തവണ നോട്ടിസ് നല്‍കിയിരുന്നു. കിറ്റെക്സ് ഗ്രൂപ്പിനെതിരെ വിദേശ നാണ്യവിനിമയ ചട്ടലംഘനത്തിനാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് തവണ ഇഡി നോട്ടിസ് അയച്ചു. സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് ഇഡി ഓഫിസിലെത്തിയത്. ഇഡിയുടെ കുരുക്ക് മുറുകുന്നതിനിടെയാണ് സാബു   കോ ഓര്‍ഡിനേറ്ററായ  ട്വന്‍റി ട്വന്‍റിയുടെ എന്‍ഡിഎ പ്രവേശനം. 

അതേ സമയം എന്‍ഡിഎ പ്രവേശനത്തെച്ചൊല്ലി ട്വന്‍റി 20 യില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് പോയി .  ജനപ്രതിനിധികളടക്കം  ട്വന്‍റി 20യില്‍  നിന്ന് കൂടുതല്‍ പേരെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ജനുവരി 22നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച് സാബു എം ജേക്കബ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റിക്ക് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. 

ENGLISH SUMMARY:

Sabu M. Jacob has responded to allegations linking Twenty20’s NDA entry to Enforcement Directorate pressure. He acknowledged receiving ED notices but denied any wrongdoing by the Kitex Group. According to Sabu M. Jacob, the ED only sought clarification on certain issues. The Congress has alleged misuse of central agencies by the BJP to influence political decisions. The ED is probing alleged foreign exchange regulation violations by the Kitex Group. Twenty20’s NDA entry has triggered internal dissent, with several leaders reportedly joining the Congress.