ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്. അശോക് നഗർ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്. മൃതദേഹം നാരായണ ഹൃദയാലയിലേക്ക് മാറ്റി.
മൂന്നു ദിവസങ്ങളിലായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുകയായിരുന്നു. റെയ്ഡിന്‍റെ പേരില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു അദ്ദേഹമെന്നാണ് ജീവനക്കാര്‍ അശോക് നഗര്‍ പൊലീസിന് നല്‍കിയ മൊഴി. രാവിലെ മുതല്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വൈകീട്ട് പരിശോധന അവസാനിക്കുമ്പോള്‍ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വൈകീട്ട് അഞ്ചു മണിയോടെ സ്വന്തം തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ റോയ് മരിച്ചു.
നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതിയിലായിലിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ്. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്ഥർ ഓഫീസില്‍ നിന്നും മടങ്ങി. റോയ് ആത്മഹത്യ ചെയ്യുന്ന സമയത്തും റെയ്ഡുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.
ബെംഗളുരു, കേരളം, ദുബായ് എന്നിവിടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിങ്ങനെ കോൺഫിഡന്റ് ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. കാസനോവ, മേം ഹൂ മൂസ, ഐഡന്റിറ്റി, ലയണ്‍ ഓഫ് ദ് അറേബ്യന്‍ സീ എന്നി നാലു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.