സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റാപ്പിഡ് റെയിലിനെ പരിഹസിച്ച ഇ. ശ്രീധരനെതിരെ സിപിഎം. കേരളത്തില്‍ അതിവേഗ റെയില്‍വേ പാത നിര്‍മിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഇ ശ്രീധരനെ കേന്ദ്രം നിയോഗിച്ചതിനെ കുറിച്ച് അറിവില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇ ശ്രീധരനെ നിയോഗിച്ചുള്ള ഉത്തരവിറങ്ങിയിട്ടുണ്ടെങ്കില്‍ കാണിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. റാപ്പിഡ് ട്രെയിന്‍ മണ്ടന്‍ പദ്ധതിയെന്ന് ശ്രീധരന്റെ പരാമര്‍ശത്തിന് കേരളത്തിന്റെ മുഖ്യമന്ത്രിയായ ആളല്ലേ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം, അതിവേഗ റെയില്‍ വേണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
അതിവേഗ റെയില്‍ കേരളത്തിന് വേണമെന്നും ശ്രീധരന്റെ പരിപാടിയാണ് വരുന്നതെങ്കില്‍ കുഴപ്പമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ശ്രീധരനെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ കേന്ദ്രം നിയോഗിക്കുന്നതിനോട് എതിര്‍പ്പില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍വേ പാത പ്രഖ്യാപിച്ചാലും സന്തോഷമേ ഉള്ളൂ. ഏത് പേരിലായാലും കേരളത്തിന് അതിവേഗ റെയില്‍വെ വേണമെന്നേ സര്‍ക്കാരിനുള്ളൂ എന്നും രാജീവ് പറഞ്ഞു.
ആര്‍ആര്‍ടിഎസ് കേരളത്തിൽ വേണം എന്ന് ആദ്യം പറഞ്ഞത് കേന്ദ്ര നഗര വികസന മന്ത്രിയാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് കേരളം പദ്ധതിയെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.
ഈ ശ്രീധരൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽവേ പ്രഖ്യാപിച്ചാൽ സന്തോഷമാണെന്നും അപ്പോൾ പിന്നെ RRTS വേണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു അതിവേഗ റെയിൽവേ പദ്ധതി വേണം. പദ്ധതി ഏതായാലും കുഴപ്പമില്ലെന്നും രാജീവ് പറഞ്ഞു.
സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച റാപ്പിഡ് റയിൽ സാങ്കേതികമായി പ്രായോഗികമല്ലാത്ത പദ്ധതിയെന്നായിരുന്നു ഇ. ശ്രീധരന്‍റെ പ്രതികരണം. കെ. റയിൽ ഇല്ലാതാക്കിയത് ഇ. ശ്രീധരൻ ആണന്ന് മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. സംസ്ഥാന സർക്കാരിൻറെ സഹകരണമില്ലാതെ അതിവേഗ റെയിൽവേ ലൈൻ പദ്ധതി എങ്ങനെ നടപ്പാക്കും എന്ന ചോദ്യത്തിന് ഡിപിആർ തയ്യാറാകുന്ന സമയത്ത് ഭരണത്തിൽ ആരൊക്കെയാണ് ഉണ്ടാവുക എന്ന പരിഹാസമായിരുന്നു മറുപടി.