Cricket - ICC Men's T20 World Cup 2026 - Semi Final - South Africa v New Zealand - Eden Gardens, Kolkata, India - March 4, 2026 New Zealand's Finn Allen in action REUTERS/Sahiba Chawdhary
ട്വന്റി20 ലോകകപ്പിലെ ഒന്നാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലില്‍. ഒന്‍പത് വിക്കറ്റിനാണ് കിവീസിന്റെ ജയം. 170 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറില്‍ മറികടന്നു. 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന്‍ അലന്റെയും അര്‍ധ സെഞ്ചറി നേടിയ ടിം സീഫർട്ടിന്റെയും മികവിലാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 43 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയ റൺസ് കുറിച്ചത്. ഫിൻ അലൻ എട്ട് സിക്സും പത്തു ഫോറുകളും ഉൾപ്പടെ 100 റൺസുമായി പുറത്താകാതെനിന്നു. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ് അലന്റേത്. രചിൻ രവീന്ദ്ര 13 റൺസെടുത്ത് പുറത്താകാതെനിന്നു.
New Zealand's Tim Seifert, left, and batting partner Finn Allen run between the wickets during the first T20 World Cup cricket semifinal match between New Zealand and South Africa in Kolkata, India, Wednesday, March 4, 2026. (AP Photo/Bikas Das)
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ആദ്യ പന്തു മുതൽ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പവർപ്ലേയിൽ വിക്കറ്റുപോകാതെ 84 റൺസാണ് കിവീസ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. ഒന്നാം വിക്കറ്റിൽ 117 റൺസടിച്ച ന്യൂസീലൻഡിന് ടിം സീഫർട്ടിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അനായാസം ലക്ഷ്യം നേടി. മാർച്ച് എട്ടിനു നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ കിവീസ് നേരിടും. നാളെയാണ് ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസടിച്ചു. വാലറ്റത്ത് അർധ സെഞ്ചറി നേടിയ മാർകോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 30 പന്തുകൾ നേരിട്ട യാൻസൻ അഞ്ച് സിക്സും രണ്ട് ഫോറുകളുമുൾപ്പടെ 55 റൺസെടുത്തു പുറത്താകാതെനിന്നു. 77 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് യാൻസന്റെ ബാറ്റിങ് മികവാണ്. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി, കോൾ മകൻചി, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.