റോയൽ ബോക്സ്.... വിമ്പിള്‍ഡന്‍ സെന്‍റര്‍ കോർട്ടിലെ മത്സരങ്ങൾ കാണാൻ ഇതിലും മികച്ചൊരു ഇടം ഇല്ല. കായികലോകത്തെയും സിനിമ സംഗീത ലോകത്തെയും ഒക്കെ സൂപ്പർ താരങ്ങളും രാജകുടുംബാംഗങ്ങളും വിമ്പിള്‍ഡന്‍ മത്സരം കാണാൻ ഇരിക്കുന്നിടം. ഇന്നലെ നോവാക് ജോക്കോവിച്ചിന്‍റെ പ്രീക്വാര്‍ട്ടര്‍ മല്‍സരം കാണാൻ റോയൽ ബോക്സിൽ സാക്ഷാൽ റോജർ ഫെഡററും ഭാര്യ മിർക്ക ഫെഡററും എത്തിയിരുന്നു. കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഫെഡററെ സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ നേടിയത് ഗ്യാലറിയിൽ പ്രീമിയം സ്റ്റാന്‍ഡ്സില്‍ ഇരുന്ന വിരാട് കോലിയാണ്. ഭാര്യ അനുഷ്ക ശര്‍മയ്ക്കൊപ്പമാണ് കോലി വിമ്പിള്‍ഡന്‍ കാണാൻ എത്തിയത്.
ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനൊറിന് എതിരെ ആദ്യ സെറ്റ് 6-1 നു കൈവിട്ട ജോക്കോവിച്ച് തിരിച്ചുവരവ് നടത്തി വിജയിച്ച് ക്വാര്‍ട്ടറിലെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നോവാക് ജോക്കോവിച്ച് മത്സരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് " Business As Usual For Gladiator " എന്നാണ് വിരാട് കോലി കുറിച്ചത്. കോലിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പിന്തുണക്ക് നന്ദി എന്ന് ജോക്കോവിച്ചും മറുപടി നൽകി. എന്തുകൊണ്ട് വിരാട് കോലി റോയല്‍ ബോക്സില്‍ ഇരുന്ന് മല്‍സരം കണ്ടില്ല? കോലിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകര്‍ ചോദിച്ച ചോദ്യം.
എന്തുകൊണ്ട് കോലി റോയൽ ബോക്സിൽ ഇരുന്നില്ല
റോജർ ഫെഡററെ കൂടാതെ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ജോ റൂട്ട്, ജെയിംസ് ആൻഡേഴ്സൺ, ഹോളിവുഡ് താരം ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, ഡെന്‍മാര്‍ക്ക് രാജാവ് ഫ്രെഡെറിക്ക് പത്താമന്‍ എന്നിവരുമുണ്ടായിരുന്നു റോയല്‍ ബോക്സില്‍ മല്‍സരം കാണാന്‍. ദ് ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ് നടത്തുന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്‍റാണ് വിമ്പിള്‍ഡന്‍. ക്ലബ് ക്ഷണിക്കുന്ന അതിഥികൾക്ക് മാത്രമാണ് റോയൽ ബോക്സിൽ ഇരുന്ന് മത്സരം കാണാൻ അവസരം. 80 സീറ്റ് ആണ് റോയൽ ബോക്സിൽ. ക്ലബ് അനുശാസിക്കുന്ന ഡ്രസ് കോഡ് പാലിച്ചുവേണം മത്സരം കാണാൻ എത്താൻ. പുരുഷന്മാർക്ക് സ്യൂട്ടും ടൈയും, സ്ത്രീകള്‍ക്ക് ആഫ്റ്റർനൂൺ ഡ്രസ് അതല്ലെങ്കിൽ ട്രൗസർ സ്യൂട്ടോ ധരിക്കാം. മറ്റുള്ളവരുടെ കാഴ്ച മറയ്ക്കും എന്നതിനാൽ തൊപ്പി ധരിക്കാൻ പാടില്ല. സച്ചിൻ ടെൻഡുൽകർ, ബ്രയാൻ ലാറ, ഡേവിഡ് ബെക്കം തുടങ്ങിയവർ റോയൽ ബോക്സിലേക്ക് എല്ലാ സീസണിലും ക്ഷണിക്കപ്പെടുന്ന അതിഥികളാണ്. ദ് ഓള്‍ ഇംഗ്ലണ്ട് ടെന്നിസ് ക്ലബിന്റെ ക്ഷണം ലഭിക്കാത്തതുകൊണ്ടാണ് വിരാട് കോലി റോയല്‍ ബോക്സില്‍ ഇരിക്കാത്തത്. റോയല്‍ ബോക്സ് കഴിഞ്ഞാല്‍ ഏറ്റവും ചെലവേറിയ ഇടമായ പ്രീമിയം സ്റ്റാന്‍റ്സിലിരുന്നാണ് കോലി മല്‍സരം കണ്ടത്. പണം കൊടുത്തു ടിക്കറ്റ് എടുത്താൽ പ്രീമിയം സ്റ്റാൻഡിലെ ആഡംബരത്തിൽ ഇരുന്നു മത്സരം കാണാം.
ഡ്രസ് കോഡ് തെറ്റിച്ച ഹാമിള്‍ട്ടന് കിട്ടി പണി
റോയല്‍ ബോക്സിലേക്ക് ക്ഷണം ലഭിച്ചിട്ട് തോന്നിയപോലെ വസ്ത്രം ധരിച്ചുവന്നാല്‍ എന്ത് സംഭവിക്കും? ഉത്തരം ലൂയിസ് ഹാമിള്‍ട്ടന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയും. 2015 വിമ്പിള്‍ഡന്‍ ഫൈനല്‍ കാണാനാണ് ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമിള്‍ട്ടന് ക്ഷണം ലഭിച്ചത്. കിരീടത്തിനായി മല്‍സരിച്ചത് നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും. മല്‍സരം കാണാനെത്തിയ ഹാമിള്‍ട്ടന്‍ ടൈ ധരിച്ചില്ലെന്ന് മാത്രമല്ല മല്‍സരത്തിന് ഒരു മണിക്കൂര്‍ വൈകിയാണ് വന്നത്. ഹാമിള്‍ട്ടനെ റോയല്‍ ബോക്സിലേക്ക് ഗാര്‍ഡുകള്‍ കടത്തിവിട്ടില്ല. വെയില്‍സ് രാജകുമാരി കെയ്റ്റിന്റെ സഹോദരി പെപ്പയ്ക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. ഏത് വമ്പനായാലും നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ചുരുക്കം.