രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഏകദിന ലോകകപ്പില്‍ കളിപ്പിക്കുമോ? ഈ ചോദ്യത്തിന് മറുപടി നല്‍കാതെ ഉഴപ്പിക്കളിക്കുകയാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഇക്കാര്യത്തില്‍ സംശയമില്ല. പ്രായമല്ല, പ്രകടനവും ഫിറ്റ്നസുമാകണം ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ മാനദണ്ഡമെന്ന് ധോണി തുറന്നടിച്ചു. ‘രോഹിത്തും കോലിയും നന്നായി കളിക്കുന്നുണ്ടെങ്കില്‍, ശാരീരികക്ഷമത തെളിയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവസരം ലഭിക്കണം. അല്ലാതെ പ്രായം നോക്കിയല്ല തീരുമാനിക്കേണ്ടത്.’ – സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു.

‘രോ–കോ’ തിളങ്ങുന്ന ഫോമില്‍ നില്‍ക്കുമ്പോഴും ലോകകപ്പ് ടീമിലെ ഇടം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉറപ്പിച്ചൊരു മറുപടി പറയാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയാറായിരുന്നില്ല. ഗംഭീറിന്‍റെ സമ്മര്‍ദത്തിനുവഴങ്ങിയാണ് രോഹിത്തും കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഒരാള്‍ എപ്പോള്‍ കളി നിര്‍ത്തണമെന്ന് പറയാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് എം.എസ്. ധോണി പറഞ്ഞു. ‘ഞാന്‍ ഇരുപത്തിനാലാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ എന്നോട് ആരും ഒന്നും പറഞ്ഞില്ല. പത്തുകൊല്ലം കഴിഞ്ഞ് ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴും ഇരുപത് കൊല്ലം കഴിഞ്ഞ് കളിക്കുമ്പോഴും എന്‍റെ പ്രായത്തെക്കുറിച്ച് ആരും ഓര്‍മിപ്പിക്കേണ്ട കാര്യവുമില്ല.’ – ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. Read More: ട്വന്‍റി ട്വന്‍റി ലോകകപ്പ്  ടീമിന് ധോണിയുടെ മുന്നറിയിപ്പ്

‘പരിചയസമ്പത്ത് വെറുതെയുണ്ടാവില്ല. ഇരുപത് വയസില്‍ പരിചയസമ്പത്തുണ്ടാകണമെങ്കില്‍ നിങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കണം. 20–25 മല്‍സരങ്ങള്‍ കളിച്ച ഒരാളെ ആരും പരിചയസമ്പന്നനെന്ന് പറയില്ല. 80 മല്‍സരങ്ങളെങ്കിലും കളിച്ചയാളെ മാത്രമേ അങ്ങനെ വിലയിരുത്താനാകൂ. അത്രയെങ്കിലും പരിചയസമ്പത്തുള്ളവര്‍ക്കേ എങ്ങനെ സമ്മര്‍ദം നേരിടണമെന്നും സ്വയം നിയന്ത്രിക്കണമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറണമെന്നുമല്ലാം തിരിച്ചറിയാനാകൂ. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഉണ്ടാകേണ്ടത് ഏത് ടീമിനും അനിവാര്യമാണ്.’ ധോണി പറഞ്ഞു.

ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. ശാരീരികക്ഷമതയും പെര്‍ഫോമന്‍സും നോക്കി വേണം കളിക്കാര്‍ക്ക് അവസരം നല്‍കാന്‍. അക്കാര്യത്തില്‍ പക്ഷപാതം ഉണ്ടാകരുതെന്നും ധോണി പറഞ്ഞു. അടുത്തവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുന്‍പ് ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ന്യൂസീലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളുമായി ഏകദിനപരമ്പരകള്‍ കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും ടീം തിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

Former Indian captain MS Dhoni has shared his strong views on whether Rohit Sharma and Virat Kohli should feature in the upcoming ODI World Cup. In a candid interview with Jatin Sapru, Dhoni emphasized that performance and fitness should be the only criteria for selection, not age. He criticized the ongoing uncertainty and defended the veterans, stating that if they are in form and fit, they must be included in the squad. Dhoni's comments come at a time when head coach Gautam Gambhir has remained elusive about the future of 'Ro-Ko' in the white-ball format. The legendary keeper-batsman also highlighted the importance of experience in handling high-pressure situations, which youngsters might lack. With the 2027 World Cup set to be hosted by South Africa, Zimbabwe, and Namibia, Dhoni's support adds significant weight to the veterans' aspirations. Fans are closely watching how the BCCI and Gambhir respond to these remarks.