ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ പങ്കെടുക്കുന്ന വിന്‍ഡീസ് താരങ്ങള്‍

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി നിരവധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്‍റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 11 യുവതികളെങ്കിലും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്പോര്‍ട്സ് മാക്സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താരത്തിന്‍റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല.

ഗയാന ആസ്ഥാനമായുള്ള പത്രമായ കൈറ്റൂർ സ്‌പോർട്‌സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെത്തും ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായതായും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ അഭിഭാഷകനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ യുവതി രണ്ടു വർഷം മുൻപു തന്നെ താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന് അഭിഭാഷകൻ വിശദീകരിച്ചു.

സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്പോര്‍ട്സ് മാക്സ് ടിവി പ്രതികരണത്തിനായി സിഡബ്ല്യുസിയെ (ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്) ബന്ധപ്പെടുകയുണ്ടായി. സംഭവത്തെ കുറിച്ച നേരത്തെ അറിയാമായിരുന്നോ? എന്തെങ്കിലും അന്വേഷണം നിലവില്‍ നടക്കുന്നുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ക്ക് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന് ഇതിനെ കുറിച്ച് അറിയില്ലെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരണം നടത്താന്‍ ആകില്ലെന്നുമായിരുന്നു മറുപടി. 

താരത്തിന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ടീമിൽ അംഗമാണെന്നാണ് വിവരം. 2024 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ബ്രിസ്ബേന്‍ ടെസ്റ്റിലും വെസ്റ്റ് ഇൻഡീസ് ടീമിൽ താരം ഉണ്ടായിരുന്നു. ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസ് വിജയിക്കുകയും ചെയ്തിരുന്നു. വിജയത്തിന് ശേഷം ഗയാനയിലേക്ക് മടങ്ങിയെത്തിയ താരത്തിന് ഹീറോ പരിവേഷമായിരുന്നു നാട്ടില്‍ ലഭിച്ചിരുന്നത്. 

ENGLISH SUMMARY:

A West Indies national team player from Guyana is facing serious sexual assault allegations from at least 11 women, including accusations of rape, sexual harassment, and other inappropriate behavior. The allegations were first reported by Kaiteur Sports, a Guyana-based newspaper, and later picked up by SportsMax TV, as cited by NDTV. The accused cricketer’s name has not been officially revealed, but reports suggest he is currently part of the West Indies Test squad, including the team that played against Australia in Brisbane in January 2024, a match West Indies famously won. Following the victory, the cricketer reportedly returned home to heroic celebrations in Guyana.