അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റണ്‍സിന് പുറത്തായി. യങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി തുടക്കത്തിലേ മടങ്ങിയ മത്സരത്തിൽ മലയാളി താരം ആരോൺ ജോർജാണ് ഇന്ത്യയുടെ രക്ഷകനായത്. 88 പന്തിൽ 12 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 85 റൺസാണ് ആരോൺ നേടിയത്. അവസാന മത്സരത്തിലും മലയാളിതാരം അർധ സെഞ്ചറി നേടിയിരുന്നു.
ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ആയുഷ് മാത്രെ 38 റൺസ് നേടി. ഏഴാമനായി ഇറങ്ങി 46 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 46 റൺസ് നേടി കനിഷ്ക് ചൗഹാനും നിർണായക സംഭാവന നൽകി. അഭിഗായൻ അഭിഷേക് 22 റൺസ് നേടി. 5 റൺസ് മാത്രം നേടിയ വൈഭവ് ഉൾപ്പടെ 5 പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാൻ വിക്കറ്റ് വീഴ്ത്തി. ഒരു സിക്സും 12 ഫോറുമാണ് ആരോണിന്റെ ബാറ്റിൽനിന്നു പിറന്നത്. സെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെ 32–ാം ഓവറിൽ അബ്ദുൽ സുബ്ഹാനാണ് ആരോണിന്റെ വിക്കറ്റ് വീഴ്ത്തിയത് പാക്കിസ്ഥാനായി മുഹമ്മദ് സയ്യം, അബ്ദുൽ സുബ്ഹാൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും നിഖാബ് ഷഫീഖ് രണ്ടും അലി റാസ, അഹമ്മദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.