ടി20 ലോകകപ്പ് ക്രിക്കറ്റിലെ ചരിത്രനേട്ടത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ ജന്മനാടായ വിഴിഞ്ഞത്തെ വീട്ടിലെത്തി. തന്നെ സ്നേഹിച്ചവർക്കും പ്രാർത്ഥിച്ചവർക്കും ഈ വിജയം സമർപ്പിക്കുന്നതായി സഞ്ജു പറഞ്ഞു. കരിയറിലെ നിർണ്ണായകമായ ഘട്ടത്തിൽ സച്ചിൻ തെൻഡുൽക്കർ നൽകിയ പിന്തുണയെക്കുറിച്ച് താരം വികാരാധീനനായി സംസാരിച്ചു. ഫോം ഔട്ട് ആയി നിന്ന സമയത്ത് സച്ചിനെ വിളിച്ചപ്പോൾ 25 മിനിറ്റോളം അദ്ദേഹം സംസാരിച്ചുവെന്നും സ്വന്തം കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ച് തന്നെ പ്രചോദിപ്പിച്ചുവെന്നും സഞ്ജു വെളിപ്പെടുത്തി.

ലോകകപ്പ് ഫൈനലിന് തൊട്ടുതലേദിവസം വരെ സച്ചിൻ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞു. "വീഴ്ചകളിൽ നിന്ന് പഠിക്കാനാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ പ്രാക്ടീസ് ചെയ്യണം, മാനസികമായി എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം നൽകിയ ഉപദേശങ്ങൾ വലിയ മാറ്റമുണ്ടാക്കി," സഞ്ജു വ്യക്തമാക്കി. ഫൈനലിലെ വിജയത്തിന് പിന്നാലെ സച്ചിൻ സന്ദേശമയച്ച് അഭിനന്ദിച്ച കാര്യവും താരം മാധ്യമങ്ങളോട് പങ്കുവെച്ചു.

കഴിഞ്ഞ ഒരു മാസമായി താൻ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു. അനാവശ്യമായ പുറത്തുനിന്നുള്ള ശബ്ദങ്ങളെകട്ട് ചെയ്യാനാണ് താൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലെ പോസിറ്റീവ് ആയ സ്നേഹം കാണുമ്പോൾ സന്തോഷമുണ്ടെങ്കിലും നെഗറ്റീവ് കമന്റുകളെ നേരിടാൻ മാനസികമായ കരുത്ത് വേണമെന്നും സഞ്ജു പറഞ്ഞു.

ഇന്നലെ രാത്രി മുതൽ തന്നെ സഞ്ജുവിന്റെ വിഴിഞ്ഞത്തെ വീടിന് പരിസരത്ത് വൻ ആഘോഷങ്ങളാണ് നടന്നത്. നാട്ടുകാർ വെടിക്കെട്ടുമായാണ് താരത്തെ വരവേറ്റത്. തന്റെ മോശം സമയത്തും കൂടെ നിന്ന നാട്ടുകാർക്ക് വേണ്ടിയാണ് ഈ പ്രകടനം ഡെഡിക്കേറ്റ് ചെയ്യുന്നതെന്ന് സഞ്ജു പറഞ്ഞു. നാളെ ഡൽഹിയിൽ ടീം ഇന്ത്യയുടെ വിജയാഘോഷ ചടങ്ങുകൾ ഉള്ളതിനാൽ താരം അങ്ങോട്ട് തിരിക്കും.

ENGLISH SUMMARY:

Sanju Samson T20 World Cup win marks a historic achievement for the Kerala cricketer, who returned to his hometown of Vizhinjam to celebrate with his loved ones. He dedicated this victory to everyone who supported and prayed for him, reflecting on the crucial guidance received from Sachin Tendulkar during challenging times.