മുല്ലന്‍പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ശുഭ്മാന്‍ ഗില്‍ തോറ്റ് തുന്നംപാടി. മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായതോടെ ഇനിയും ഗില്ലിനെ ചുമക്കണോ എന്നാണ് മുന്‍ക്രിക്കറ്റ് താരങ്ങളടക്കം ചോദിക്കുന്നത് . ഗില്ലിന്‍റെ പുറത്താകല്‍ ഇന്ത്യയെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. മോശം പ്രകടനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഗില്ലിനെ ഇപ്പോഴും ഓപ്പണറായി നിലനിര്‍ത്തുന്നത് ടീമിന്‍റെ ഒത്തിണക്കത്തിന് ചേരുന്നതല്ലെന്നാണ് വാദം.അതേസമയം ഫോമലുള്ള സഞ്ജു സാംസണ്‍ പുറത്തിരിക്കുകയും ചെയ്യുന്നു.
2024ല്‍ മൂന്ന് ടി20 സെഞ്ചറികള്‍ നേടുകയും അഭിഷേക് ശര്‍മ്മയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടും സഞ്ജു പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താണ്. എന്നാല്‍ പ്രകടനം നിരന്തരം മോശമായിട്ടും ഗില്‍ ഓപ്പണറായി തുടരുകയും ചെയ്യുന്നു. ഇത്രയും മോശം രീതിയില്‍ കൈകാര്യം ചെയ്യപ്പെടാന്‍ സഞ്ജു സാംസൺ എന്ത് തെറ്റാണ് ചെയ്തതെന്ന് ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ചോദിക്കുന്നു.
വിജയകരമായ ഒരു ഓപ്പണിങ് കൂട്ടുകെട്ട് എന്തിനാണ് ടീം മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ ഒരു വിശദീകരണം പോലുമില്ലാതെ പിരിച്ചുവിട്ടതെന്നും അദ്ദേഹം ചോദിക്കുന്നു. അവസരം ലഭിച്ചപ്പോള്‍ സഞ്ജു മൂന്ന് സെഞ്ചറികള്‍ അടിച്ചു. ടി20യില്‍ സെഞ്ചറി നേടിയ ആദ്യതാരമാണ് സഞ്ജു, പിന്നാലെ അഭിഷേകിനും തിലകിനും സെഞ്ചറി ലഭിച്ചു. അഭിഷേക് ശര്‍മ്മയുടെ തൊട്ടുതാഴെ നില്‍ക്കുന്ന സഞ്ജു തെളിയിക്കപ്പെട്ട ഓപ്പണറാണെന്നും എന്നിട്ടും അദ്ദേഹത്തെ മധ്യനിരയിലേക്ക് മാറ്റാനും പിന്നാലെ ടീമില്‍ നിന്ന് ഒഴിവാക്കാനും കാരണമെന്തെന്നും ഉത്തപ്പ ചോദിക്കുന്നു.
ശുഭ്മാന്‍ ഗില്‍ പലതും പരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നും ഉത്തപ്പ പറയുന്നു. സമ്മര്‍ദ്ദം ഏറെ അനുഭവിക്കുന്നുണ്ടാകുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ക്കുന്നു.