ഇന്ത്യന്‍ കുപ്പായത്തില്‍ ജന്മനാട്ടിലെ ആദ്യമല്‍സരത്തിനായി സഞ്ജു സാംസണ്‍. ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം എത്തിയ സഞ്ജു ഇന്ന് പരിശീലനത്തിനിറങ്ങിയേക്കും. നാളെ ന്യൂസീലാന്‍ഡുമായുള്ള ട്വന്‍റി 20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ സഞ്ജു ഫോം വീണ്ടെടുക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
സഞ്ജുസാംസണ് വഴിതെളിച്ച് വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് നയിച്ചത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഇനി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സഞ്ജുവിനെ ഫോമിലേക്ക് വഴികാട്ടുമോയെന്നാണ് കാണേണ്ടത്. സഞ്ജുവിന്‍റെ നാട്ടുകാരും മറുനാട്ടിലെ ആരാധകരും ഉറ്റുനോക്കുന്നു.കഴിഞ്ഞമല്‍സരത്തില്‍ വിശാഖപട്ടണത്ത് നേടിയ 24 റണ്‍സാണ് പരമ്പരയില്‍ ഇതുവരെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. നാഗ്പുരില്‍ 10, റായ്പുരില്‍ 6 ഗോഹട്ടിയില്‍ 0 എന്നിങ്ങനെയാണ് മറ്റ് മല്‍സരങ്ങളിലെ സ്കോര്‍.
ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന മല്‍സരമാണ് തിരുവനന്തപുരത്ത് . അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ഫോം വീണ്ടെടുക്കേണ്ടടുത്ത് മികവ് തെളിയിക്കേണ്ടതുണ്ട്. ആദ്യമൂന്നുമല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. 2017 ല്‍ കാര്യവട്ടത്തെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തില്‍ ന്യൂസീലന്‍ഡ് തന്നെയായിരുന്നു എതിരാളികള്‍. അന്ന് മഴകാരണം എട്ട് ഓവര്‍ വീതം ചുരുക്കിയ മല്‍സരത്തില്‍ ആറുറണ്‍സിന് ഇന്ത്യ ജയിച്ചു. ഇതുവരെ ഇവിടെ നടന്ന നാല് ട്വന്‍റി 20 മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം. വെന്‍സ്റ്റിന്‍ഡീസിനെതിരെയാണ് തോറ്റത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ വില്‍പനയ്ക്കായി മാറ്റിയ 32,000 ടിക്കറ്റുകള്‍ രണ്ടാംദിവസം തന്നെ മുഴുവന്‍ വിറ്റുപോയി.