Image credit: PTI
ന്യൂസീലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്‍റി 20 മല്‍സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി. ആദ്യ മൂന്ന് മല്‍സരങ്ങള്‍ ജയിച്ചുകയറിയ ഇന്ത്യ നാലാം ട്വന്‍റി 20യില്‍ 50 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. പരമ്പര ഇന്ത്യ സ്വന്തമാക്കിയ നിലയ്ക്ക് ഇന്നത്തെ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കുമെന്നും പരുക്ക് മൂലം വിശ്രമത്തിലുള്ള ഇഷാന്‍ കിഷനും പുറത്തായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
അതല്ല, ഇഷാന്‍ ടീമില്‍ മടങ്ങിയെത്തിയാല്‍ സൂര്യകുമാര്‍ നാലാമനായി ഇറങ്ങും. അക്സര്‍ പട്ടേലും ടീമിലേക്ക് തിരിച്ചെത്തും. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപും തന്നെയാകും സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. ബുംറയും അര്‍ഷ്ദീപും പേസും കൈകാര്യം ചെയ്യും. ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്‍ ഇങ്ങനെ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
സ്വന്തം മണ്ണില്‍ ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നില്‍ ഇന്നുള്ളത്. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ നിന്നായി വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞത്. അഭിഷേകിനൊപ്പം ഉറച്ച് നിന്ന് മികച്ച സ്കോറിലേക്ക് സഞ്ജു കുതിച്ചാല്‍ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അത് വലിയ ആശ്വാസമാകും. ഒപ്പം സഞ്ജുവിനും. അല്ലെങ്കില്‍ ഇഷാന്‍ കിഷന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വരുെമന്നും വിലയിരുത്തലുകളുണ്ട്. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന മല്‍സരം കൂടിയാണ് ഇന്നത്തേത്.
സഞ്ജുവിന്‍റെ കഴിവില്‍ വിശ്വാസമുണ്ടെന്നും ചിലപ്പോള്‍ ഫോം ഔട്ടായി പോകുന്നതും ക്രിക്കറ്റ് കരിയറിന്‍റെ ഭാഗമാണെന്നുമായിരുന്നു ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് മാധ്യമങ്ങളോട് പറഞ്ഞത്. മാനസിക സമ്മര്‍ദമൊഴിവാക്കി ബാറ്റ് ചെയ്യുകയെന്നതിലാണ് കാര്യമെന്നും സഞ്ജുവിന് അതിനായുള്ള ഉറച്ച പിന്തുണ് ടീം നല്‍കുന്നുവെന്നും സഞ്ജുവും തയാറെടുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.