തിരുവനന്തപുരത്ത് ദലിത് സ്ത്രീയെ കള്ളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച തിരുവനന്തപുരം പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിനൊപ്പമാണ് ശിവകുമാറിനെയും വടക്കന്‍ ജില്ലയിലേക്ക് മാറ്റിയത്. പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നന്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.  

ജിഡി ചാര്‍ജ് എ.എസ്.ഐ ആയിരുന്ന പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അധികാര ദുര്‍വിനിയോഗവും അമിതാധികാര പ്രയോഗവും നടത്തിയ പ്രസന്നന്‍ ബിന്ദുവിനെ അസഭ്യം പറഞ്ഞതായും തെളിഞ്ഞിരുന്നു. കുടിവെള്ളം വേണമെന്ന് പറഞ്ഞ തന്നോട് ശുചിമുറിയില്‍ ഉള്ളത് പോയി കുടിക്കാന്‍ പ്രസന്നന്‍ പറഞ്ഞുവെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു. കേസില്‍ കണ്ട് പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി കന്‍റോണ്‍മെന്‍റ് എസിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

വീട്ടിലെ സഹായിയായി ജോലി ചെയ്തിരുന്ന പനയമുട്ടം സ്വദേശിയായ ബിന്ദുവിനെതിരെ ഏപ്രില്‍ 23നാണ് വീട്ടുടമയായ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേല്‍ പരാതി നല്‍കിയത്. വീട്ടിലെ മാല നഷ്ടപ്പെട്ടത് ഏപ്രില്‍ പതിനെട്ടിനായിരുന്നു. പരാതി പ്രകാരം പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ പോലും അറിയിക്കാതെ ഒരു രാത്രി മുഴുവനും സ്റ്റേഷനില്‍ ഇരുത്തി മനുഷ്യത്വ രഹിതമായി പെരുമാറുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണി വരെയാണ് ബിന്ദുവിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വച്ചത്. 

ENGLISH SUMMARY:

Perurkada SHO Shivakumar, accused of mentally harassing a Dalit woman with a false case, has been transferred to Kozhikode. This transfer comes after SI S.G. Prasad and Grade ASI Prasannan from the same station were previously suspended in connection with the incident.