തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തർക്കo തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാർട്ടിയുമായി ഉടക്കി നിൽക്കുന്ന കെ.സുധാകരൻ എം.പി രാവിലെ ഡൽഹിയിൽ എത്തും. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തും.
കണ്ണൂർ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോൾ പുലർച്ചെയുള്ള വിമാനത്തിലാണ് സുധാകരൻ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതാക്കളെ കാണും. സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരൻ. സീറ്റിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാൽ, രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും ഡൽഹി യാത്രയ്ക്ക് തയ്യാറായത് എന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് സൂചന.
നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് വേണ്ട എല്ലാ രേഖകളും ശരിയാക്കി കാത്തിരിക്കുകയാണ് അടൂർ പ്രകാശ്. ഈഴവ പ്രാതിനിധ്യം കണക്കിലെടുത്ത് ഇരുവർക്കും ഇളവ് നൽകിയേക്കും. എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സംസ്ഥാന ദേശീയ നേതൃത്വങ്ങൾ. ശിവഗിരി മഠമടക്കമുള്ളവരുടെ സമ്മർദ്ദം കണക്കിലെടുത്താണ് നീക്കം.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രം. കോവളത്ത് സിറ്റിങ് എം.എൽ.എ എം.വിൻസന്‍റ് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂർക്കാവിൽ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല. തിരുവനന്തപുരം സി.എം.പിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്. പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. . ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍റെ പേര് ചര്‍ച്ചയിലുണ്ട്. എബി കുര്യാക്കോസും ബാബു പ്രസാദും പരിഗണയിനിലാണ്. ബിനു ചുള്ളിയിലിന്‍റെ പേരും ഉയരുന്നു. അരൂരില്‍ ഷാനിമോള്‍ക്കൊപ്പം എം.പി.പ്രവീണും പരിഗണനയിലുണ്ട്.