അഭിനവ് ബിന്ദ്ര പൊന്നണിഞ്ഞ, മൈക്കല്‍ ഫെല്‍പ്സ് ഇതിഹാസമായി വളര്‍ന്ന ബെയ്ജിങ് ഒളിംപിക്സ്, ഉസൈന്‍ ബോള്‍ട്ടിന്റെ അഭ്ദുതകുതിപ്പ് കണ്ട ലണ്ടന്‍ ഒളിംപിക്സ്, നീരജ് ചോപ്രയുടെ ഉദയം കണ്ട ടോക്കിയോ ഒളിംപിക്സ്... വിശ്വകായികമേളയ്ക്ക് വേദിയായ ഓരോ നഗരത്തോടും ചേര്‍ത്തുവയ്ക്കാന്‍ പിറന്ന ചരിത്രനിമിഷങ്ങള്‍ ഒട്ടേറെ. അക്കൂട്ടത്തില്‍ ഇടംപിടിക്കാനാണ് അഹമ്മദാബാദിന്റെ മല്‍സരം. കേന്ദ്ര കായിക മന്ത്രാലയം, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനോട് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം അറിയിച്ചത്. എട്ടംഗ ഇന്ത്യൻ സംഘം അടുത്ത മാസം സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതോടെ ഒളിംപിക്സ് വേദിക്കായുള്ള ഔദ്യോഗിക ശ്രമങ്ങള്‍ക്ക് തുടക്കമാകുന്നു
പാരിസിലെ സിത്താന്‍ സംഗീതം... ഇന്ത്യന്‍ കറിയുടെ മണം
പാരിസ് ഒളിംപിക്സ് വേദിയില്‍ തന്നെ ഇന്ത്യ 2036 ഒളിംപിക്സ് വേദി ലക്ഷ്യമിട്ട് കായികനയതന്ത്രം ആരംഭിച്ചിരുന്നു. പാരിസിലെ ഇന്ത്യ ഹൗസായിരുന്നു ആദ്യ ചുവട്. ഇന്ത്യ ഹൗസില്‍ നിന്നുയര്‍ന്ന ഇന്ത്യന്‍ വിഭവങ്ങളുടെ മണവും ഇന്ത്യന്‍ കലാരൂപങ്ങളും ലോകശ്രദ്ധ നേടുന്നതിലെ ആദ്യ ചുവടായി. സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവ് എന്തുകൊണ്ട് അഹമ്മദാബാദ് എന്ന ചോദ്യത്തിനുള്ള ഉത്തരംനല്‍കാനുള്ള ശ്രമമായി. IOC അംഗങ്ങളുമായി ഇന്ത്യ ഹൗസില്‍ ഇന്ത്യന്‍ കായിക മന്ത്രാലയത്തിലെയും ഒളിംപിക്സ് അസോസിയേഷനിലെയും അംഗങ്ങള്‍ ചര്‍ച്ചനടത്തി ബന്ധം ദൃഢമാക്കി.
മല്‍സരം സൗദി അറേബ്യയോടോ ?
പണമെറിഞ്ഞ് കളിക്കുന്ന സൗദിയാകും ഇന്ത്യയ്ക്ക് വെല്ലുവിളി. 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയായത് ഈ പണക്കൊഴുപ്പിന്റെ കളിയിലാണ്. ഓസ്ട്രേലിയയും ഇന്തോനേഷ്യയും ലോകകപ്പ് വേദിക്കായുള്ള മല്‍സരരംഗത്തുണ്ടായിരുന്നെങ്കിലും സൗദി അറേബ്യയുടെ ക്യാംപെയിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്‍മാറി. ഇതോടെ മല്‍സരരംഗത്ത് അവശേഷിച്ച ഏക രാജ്യമായ സൗദിയിലേക്ക് 2034 ഫിഫ ലോകകപ്പെത്തി. 2028 ഒളിംപിക്സ് അമേരിക്കയിലെ ലൊസാഞ്ചലസും 2032 ഒളിംപിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നും വേദിയാകും. 2036 ഒളിംപിക്സിന് വേദിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുള്ളത് ഒന്‍പത് രാജ്യങ്ങളാണ്. ഖത്തറിലെ ദോഹ, സൗദിയിലെ റിയാദ്, തുര്‍ക്കിയിലെ ഇസ്താംബുള്‍ ഈജിപ്തിലെ കെയ്റോ എന്നീ കരുത്തര്‍ക്കൊപ്പം വേണം ഇന്ത്യയ്ക്ക് മല്‍സരിക്കാന്‍.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. Image Credit: gujaratcricketassociation
ചരിത്രത്തിലെ ചെലവേറിയ ഒളിംപിക്സ്
ആതിഥേയ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ഏറെ കാത്തിരിക്കേണ്ടി വരും. അന്തിമ റൗണ്ടിലേക്ക് ഇന്ത്യയെ പരിഗണിക്കാൻ പല കടമ്പകളുണ്ട്. സന്നദ്ധത അറിയിക്കുന്ന രാജ്യങ്ങളുമായി ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷന്‍ പ്രാഥമിക ചർച്ചകൾ നടത്തും. അടിസ്ഥാന സൗകര്യം, താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഐഒസി തീരുമാനം. കഴിഞ്ഞവര്‍ഷം ഗാന്ധിനഗറില്‍ ചേര്‍ന്ന ഹൈ ലെവര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം 64,000 കോടി രൂപയാണ് ഇന്ത്യ ചെലവ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം, താമസം, യാത്ര എന്നിവയൊക്കെ ഇന്ത്യയ്ക്ക് ഒന്നില്‍നിന്ന് തുടങ്ങണം.