saudi-accident-group

Image: Socialmedia

45 ഇന്ത്യക്കാരുടെ ജീവന്‍ പൊലിഞ്ഞ സൗദി ബസ് അപകടത്തില്‍ ഇല്ലാതായത് ഒട്ടേറെ കുടുംബങ്ങളുടെ സ്വപ്നങ്ങള്‍കൂടിയാണ്. ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് ഹൈദരാബാദ് നഗരത്തിലെ ഷെയ്ക്ക് കുടുംബത്തിന് സംഭവിച്ചത്. മൂന്ന് തലമുറകളില്‍പ്പെട്ട 18 പേരെയാണ് ദുരന്തം കവര്‍ന്നത്. നഗരത്തിലെ വിദ്യാനഗറിലെ മൂന്നുനില വീടിന്‍റെ അന്തരീക്ഷം ഇന്ന് ശ്മശാന സമാനമാണ്. മരിച്ചവരില്‍ 11 പേരും ഈ വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. ഏഴുപേരാകട്ടെ ഇവരുടെ തന്നെ ബന്ധുക്കളും.

വിരമിച്ച റെയിൽവേ ജീവനക്കാരനായ എഴുപതുകാരന്‍ നസീറുദ്ദീൻ ഷെയ്ക്കിന്‍റെ നേതൃത്വത്തിലാണ് നവംബർ 9 ന് സംഘം ഹൈദരാബാദിൽ നിന്ന് പുറപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യ അക്തർ ബീഗവും (62) ഉള്‍പ്പെട്ടിരുന്നു. അവരുടെ മകൻ സലാഹുദ്ദീൻ ഷെയ്ക്ക് (42) മക്കളായ അമീന ബീഗം (44), ഷബാന ബീഗം (40), റിസ്വാന ബീഗം (38), മരുമക്കൾ ഫർഹാന സുൽത്താന (37), സന സുൽത്താന (35)  നസീറുദ്ദീന്‍റെ പത്ത് പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവരെ കൂടാതെ ബന്ധുക്കളായ അനീസ് ഫാത്തിമ (25), സൈനുദ്ദീൻ ഷെയ്ക്ക് (12), റിദ തസീൻ (10), മെഹ്‌റിഷ് ഫാത്തിമ (10), മറിയം ഫാത്തിമ (7), ഉമൈസ ഫാത്തിമ (5), തസ്മിയ തഹ്രീൻ (3), ഹുസൈഫ ജാഫർ സയ്യിദ് (3), ഉസൈറുദ്ദീൻ ഷെയ്ക്ക് (3), മുഹമ്മദ് ഷാസൈൻ അഹമ്മദ് (2) എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കുടുംബത്തിലെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നുവെന്ന് ഫർഹാനയുടെ സഹോദരൻ റാഷിദ് പറഞ്ഞു. ഞായറാഴ്ച താന്‍ സലാഹുദ്ദീനുമായി സംസാരിച്ചിരുന്നുവെന്നും അവർ മദീനയിലേക്കുള്ള യാത്രയിലായിരുന്നു, തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തേണ്ടതായിരുന്നുവെന്നും റാഷിദ് പറഞ്ഞു. അപ്രതീക്ഷിതമായാണ് അപകടത്തെക്കുറിച്ചുള്ള ഫോണ്‍ കോള്‍ ലഭിച്ചത്, സംസാരിക്കുമ്പോള്‍ റാഷിദിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. തന്‍റെ കുടുംബത്തിലെ 18 പേർ കൊല്ലപ്പെട്ടതായി ബന്ധുവായ മുഹമ്മദ് ആസിഫും സ്ഥിരീകരിച്ചിട്ടുണ്ട്. ‘എന്‍റെ സഹോദരി, ഭാര്യാ സഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ... എട്ട് ദിവസം മുമ്പാണ് അവര്‍ പോയത്. ഉംറ പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്നു’ ആസിഫ് പറയുന്നു.

നടുങ്ങിയത് നസീറുദ്ദീൻ ഷെയ്ക്കിന്‍റെ കുടുംബം മാത്രമായിരുന്നില്ല... ഹൈദരാബാദിലെ വീട്ടില്‍ ഒരിക്കലും ശബ്ദം നിലച്ച അവസരം ഉണ്ടായിട്ടില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നുണ്ട്. എപ്പോളും ആഘോഷത്തിന്‍റെ അന്തരീക്ഷമായിരുന്നു. അയൽക്കാരൻ മുഹമ്മദ് കദിരുദ്ദീൻ പറഞ്ഞു. ‘ആറ് കുട്ടികളുണ്ടായിരുന്നു ആ വീട്ടില്‍. അവർ ഓടിനടക്കുന്നത് കാണാം. എല്ലാവരും വളരെ സ്നേഹമുള്ളവരായിരുന്നു. വീട് ഇപ്പോൾ ശൂന്യമാണെന്ന് വിശ്വസിക്കാൻ പോലും കഴിയില്ല. നസീറുദ്ദീന്‍റെ മകൻ സിറാജ് ഷെയ്ക്ക് യുഎസിലാണ്. അദ്ദേഹത്തിന്‍റെ വേദന ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല’ അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടോളമായി കുടുംബം വിദ്യാനഗറിന്‍റെ ഭാഗമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ‘നസീറുദ്ദീന്‍റെ വിരമിക്കലിനുശേഷമാണ് അവര്‍ ഇവിടെ സ്ഥിരതാമസമാക്കുന്നത്. സലാഹുദ്ദീൻ എന്‍റെ സ്വന്തം സഹോദരനെപ്പോലെയായിരുന്നു’ അടുത്ത സുഹൃത്തായ ഇമ്രാൻ ഷെരീഫ് പറഞ്ഞു.

മക്കയില്‍ നിന്ന് മദീനയിലേക്ക് സഞ്ചരിച്ച ബസ് പുലര്‍ച്ചെ ഒന്നരയോടെ ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉംറയ്ക്കായി പോയ തീര്‍ഥാടകരാണ് ബസിനുള്ളിലുണ്ടായിരുന്നത്. 20 സ്ത്രീകള്‍, 11 കുട്ടികള്‍ എന്നിവരുള്‍പ്പടെ 46 പേരാണ് ബസിലുണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്നുള്ള അല്‍ മീണ ഹജ്ജ് ആന്‍റ് ഉംറ ട്രാവല്‍സ് വഴി സൗദിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ 16 പേര്‍. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ഷോയബ് (24) മാത്രമാണ് കത്തിയമര്‍ന്ന ബസിനുള്ളില്‍ നിന്ന് ജീവനോടെ രക്ഷപെട്ടത്.

ENGLISH SUMMARY:

The bus accident in Saudi Arabia, which killed 45 Indian Umrah pilgrims, has devastated the Sheikh family from Vidyanagar, Hyderabad, who lost 18 members spanning three generations. Led by 70-year-old retired railway employee Naseeruddin Sheikh, the group included his wife, son, daughters, in-laws, and ten grandchildren, aged between 2 and 25. The accident occurred near Al-Qunfudah when the bus, traveling from Mecca to Medina, collided with a diesel tanker at 1:30 AM. Only one person from the 46 onboard survived the fiery crash, leaving the Hyderabad community in profound grief.