സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ യുഎസ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. വൈകിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഗാസ, ഇറാന്‍, ഇസ്രയേലുമായുള്ള നയതന്ത്രബന്ധം തുടങ്ങിയവ ചര്‍ച്ചയാകും.
2018 ല്‍ ജോ ബൈഡന്‍റെ കാലത്ത് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ ആരോപണവിധേയനായതിന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസ് സന്ദര്‍ശിക്കുന്നത്. വൈകിട്ട് വാഷിങ്ടണിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് ലോകം ഉറ്റുനോക്കുന്നത്. ഗാസയുടെ പുനര്‍നിര്‍മാണവും സമാധാനപദ്ധതിയും, ഇറാന്‍റെ മേഖലയിലെ ഇടപെടല്‍ എന്നിവ ചര്‍ച്ചയാകും.
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യവും ചര്‍ച്ചയാകും. എഫ്35 യുദ്ധവിമാനം കൈമാറുന്നതിലടക്കം സുപ്രധാനപ്രഖ്യാപനങ്ങളുണ്ടായേക്കും. ട്രംപിന്‍റെ സൗദി സന്ദര്‍ശനത്തിനിടെ വാഗ്ദാനം ചെയ്ത 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവാഗ്ദാനത്തിന്‍മേലും പ്രഖ്യാപനങ്ങളുണ്ടാകും. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സന്ദര്‍ശനം സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് അത്താഴവിരുന്നൊരുക്കും. മന്ത്രിമാരുടേയും വ്യവസായികളുടേയും വന്‍സംഘം കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്