തെലുങ്കാനയില്‍ നിന്ന് മക്കയിലെത്തിയ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അഗ്‌നിബാധയില്‍ 45 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ അഗ്‌നിഗോളമായി മാറിയ ബസ്സില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അബ്ദുല്‍ ശുഐബ് മുഹമ്മദ് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
മരിച്ച 45 തീര്‍ഥാടകരില്‍ 20 സ്ത്രീകളും 11 പേര്‍ പതിനഞ്ച്് വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുമാണെന്ന് ഹജ്ജ് സര്‍വ്വീസ് കമ്പനി അറിയിച്ചു. 25 കാരനായ അബ്ദുല്‍ ശുഹൈബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ട തീര്‍ഥാടകന്‍. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്‍ട്രോള്‍ റൂം തുറന്നു. റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ഹജ് ഉംറ മന്ത്രാലയവുമായി സഹകരിച്ചു തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. തെലുങ്കാന സര്‍ക്കാരുമായി ചേര്‍ന്ന് മരിച്ചവരുടെ കുടുംബവുമായി ബന്ധപ്പെട്ടുവരുകയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
മക്കയില്‍ നിന്നു ഉംറ നിര്‍വഹിച്ചതിനു ശേഷം മദീനയിലേയ്ക്കു പുറപ്പെട്ട സംഘം ഇന്നലെ രാത്രിയാണ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് വന്‍ ദുരന്തം ഉണ്ടായത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സേന മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. മൃതദേഹങ്ങള്‍ മദീന കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങള്‍ മദീനയില്‍ സംസ്‌കരിക്കും.