pak-team

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍  ടീമിന് അനുമതിയുണ്ടെന്നും  പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും.

 

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂർണമെന്റിൽനിന്നു പുറത്താക്കിയിരുന്നു. പകരം സ്കോട്‌ലൻഡിന് അവസരം നൽകിയതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ആവർത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടർച്ചയാണ് ഈ സംഭവവും. 

 

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളുടെ തുടർച്ചയായി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലിൽനിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കി. തുടർന്ന് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.

 

‌ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ ട്വന്റി20 ലോകകപ്പ് ബഹിഷ്ക്കരണ ഭീഷണിയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുകയായിരുന്നു. 

ENGLISH SUMMARY:

Pakistan cricket has made a strong decision regarding the T20 World Cup, refusing to play against India. This move comes as a protest against Bangladesh being excluded from the tournament, highlighting ongoing political and diplomatic tensions impacting international sports.