സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഷോഗിയുടെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷന് കിരീടാവകാശി അംഗീകാരം നൽകിയതായുള്ള 2021ലെ യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന.
വൈറ്റ് ഹൗസില്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗിയുടെ മരണം അന്വേഷിക്കാൻ സൗദി അറേബ്യ എല്ലാ കാര്യങ്ങളും ശരിയായി ചെയ്തിരുന്നുവെന്ന് പറഞ്ഞു. 2018 ല്‍ ജോ ബൈഡന്റെ കാലത്ത് ജമാല്‍ ഖഷോഗി കൊലപാതകത്തിനു പിന്നാലെ അമേരിക്ക–സൗദി ബന്ധം ഉലഞ്ഞതിനുശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസ് സന്ദര്‍ശിക്കുന്നത്.
നേരത്തെ വൈറ്റ്ഹൗസിൽ സൈനിക ഗാർഡ് ഓഫ് ഓണർ, പീരങ്കി സല്യൂട്ട്, യുഎസ് യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനം എന്നിവയോടെയാണ് മുഹമ്മദ് ബിൻ സൽമാന് വരവേൽപ് നൽകിയത്.
പ്രതിരോധം, ഊർജം, ആർട്ടിഫിഷൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിൽ സഹകരണം ശക്‌തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി. സൗദിയുടെ യുഎസിലെ നിക്ഷേപം 4 ലക്ഷം കോടി ഡോളർ ആയി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 60,000 കോടി ഡോളർ യുഎസിലെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ നേരത്തെ അറിയിച്ചിരുന്നു.
സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 48 പുതിയ വിമാനങ്ങൾ വാങ്ങാൻ സൗദി താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മധ്യപൂർവദേശത്ത് ഇസ്രയേലാണ് എഫ് 35 യുദ്ധവിമാനം കൈവശമുള്ള ഏക രാജ്യം. അതിനിടെ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ന് വൈറ്റ് ഹൗസ് സന്ദർശിക്കും. സൗദി ഫുട്ബോൾ ക്ലബ്ബായ അൽ നാസറിന്റെ ക്യാപ്റ്റനാണ് റൊണാള്‍ഡോ.