കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. ഭൂമി തട്ടിപ്പുകേസില്‍ പെടുത്താനായി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. തന്‍റെ ഭൂമി ഇടപാട് കേസില്‍ കടകംപള്ളി സുരേന്ദ്രന്‍ മധ്യസ്ഥനായിട്ടുണ്ടെന്നും പോറ്റിയുടെ പരാതിയില്‍ വെളിപ്പെടുത്തുന്നു. പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അറസ്റ്റ് ഭീഷണി തല്‍കാലം ഒഴിഞ്ഞെന്ന് ആശ്വസിച്ചിരിക്കെയാണ് കടകംപള്ളി സുരേന്ദ്രന് തലവേദനയായി പുതിയ പരാതിയെത്തുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വിശദമായ പരാതി ഡി.ജി.പിക്ക് നല്‍കിയത്. പോറ്റി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കഴക്കൂട്ടം സ്വദേശിനി പ്രതിഭ പോറ്റിക്കെതിരെ എസ്.ഐ.ടിക്ക് പരാതി നല്‍കിയിരുന്നു. തന്‍റെ ഭൂമി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ പരാതിക്ക് പിന്നില്‍ കഴക്കൂട്ടം എം.എല്‍.എയായ കടകംപള്ളി സുരേന്ദ്രനാണെന്നാണ് പോറ്റി ആരോപിക്കുന്നത്. തന്നെ വീണ്ടും ജയിലിലാക്കി കടകംപള്ളിയിലേക്ക് ആരോപണവും അന്വേഷണവും വരുന്നത് ഒഴിവാക്കലാണ് ലക്ഷ്യമെന്നും പറയുന്നു.
ഇതുകൂടാതെ കടകംപള്ളിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി നല്ല അടുപ്പമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും പരാതിയിലുണ്ട്. 2017ലാണ് പ്രതിഭ എന്ന സ്ത്രീയുടെ പത്ത് സെന്‍റ് സ്ഥലം താന്‍ വാങ്ങിയത്. പിന്നീട് ഇത് സംബന്ധിച്ച് സാമ്പത്തിക ഇടപാട് കേസായി. ഒടുവില്‍ 2024ല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കടകംപള്ളി ഇടനിലക്കാരനായി തുമ്പ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്നുമാണ് പരാതിയില്‍ വെളിപ്പെടുത്തുന്നത്. പോറ്റിയുമായി പ്രത്യേക അടുപ്പമില്ലെന്ന കടകംപള്ളിയുടെ വാദം ഇതോടെ പൊളിയുകയാണ്.