ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടര്‍ന്ന് മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ –15 ദേശീയ ടീമില്‍. ക്രൊയേഷ്യയില്‍ നടക്കുന്ന വ്ലാറ്റ്കോ മാര്‍ക്കോവിച്ച് ഇന്റര്‍നാഷ്ണല്‍ ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമിലേക്കാണ് ക്രിസ്റ്റ്യാനോ ജൂനിയറിന് വിളിയെത്തിയത്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പേജിലൂടെയാണ് അണ്ടര്‍ 15 ടീം ലിസ്റ്റ് പുറത്തുവിട്ടത്. അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ ആദ്യ എതിരാളികള്‍ ജപ്പാനാണ്. മേയ് 14ന് ഗ്രീസിനെയും മേയ് 15ന് ഇംഗ്ലണ്ടിനെയും പോര്‍ച്ചുഗല്‍ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍. ക്രൊയേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി പോര്‍ച്ചുഗല്‍ ടീമിന് നാല് പരിശീലന സെഷനുമുണ്ട്. ഇതിഹാസം വ്ലാറ്റ്കോ മാര്‍ക്കോവിച്ചിന്റെ ഓര്‍മയ്ക്കായി ഏഴുവര്‍ഷം മുമ്പാണ് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അണ്ടര്‍ 15 രാജ്യാന്തര ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
പോര്‍ച്ചുഗല്‍... സ്പെയിന്‍... യുഎസ്എ...
നിലവില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്ര്‍ യൂത്ത് ടീം അംഗമാണ് ക്രിസ്റ്റ്യാനോ ജൂനിയര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചിട്ടുള്ള യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ ആക്കാദമികളിലും ക്രിസ്റ്റ്യാനോ ജൂനിയര്‍ പരിശീനം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ ക്രിസ്റ്റ്യാനോയുടെയും റൂണിയുടെയും മക്കള്‍ ഒരുമിച്ചിറങ്ങിയത് കൗതുകമായിരുന്നു. രാജ്യാന്തര ഫുട്ബോളില്‍ മൂന്നുടീമുകളെ പ്രതിനിധീകരിക്കാന്‍ അര്‍ഹതയുണ്ട് ക്രിസ്റ്റ്യാനോ ജൂനിയറിന്. പോര്‍ച്ചുഗല്‍, സ്പെയിന്‍, യുഎസ്എ ടീമുകള്‍ക്കായും വേണമെങ്കില്‍ കളിക്കാം. ആദ്യമായി ക്രിസ്റ്റ്യാനൊ ജൂനിയറിനെ യൂത്ത് ടീമിലേക്ക് തിരഞ്ഞെടുക്കുന്ന രാജ്യം പോര്‍ച്ചുഗലാണ്. ഭാവിയില്‍ ടീം മാറണമെങ്കില്‍ അതുമാകാം. സീനിയര്‍ ലെവലില്‍ ഏതെങ്കിലും രാജ്യത്തെ മൂന്നിലേറെ മല്‍സരങ്ങളില്‍ പ്രതിനിധീകരിക്കുന്നതിന് മുമ്പുവരെ രാജ്യാന്തര ടീം മാറാനുള്ള അവസരം ഫിഫ നല്‍കുന്നുണ്ട്.
അച്ഛനും മകനും ഒന്നിച്ചിറങ്ങുമോ ?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യമായി പോര്‍ച്ചുഗീസ് ജേഴ്സി അണിഞ്ഞത് അണ്ടര്‍ 15 ടീമിനായാണ്. ഒന്‍പത് മല്‍സരങ്ങളില്‍ നിന്നായി ഏഴുഗോളുകളും നേടി. മകനൊപ്പം പോര്‍ച്ചുഗല്‍ ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് ക്രിസ്റ്റ്യാനോ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. മകന്‍ ജൂനിയറിന് നിലവില്‍ പതിനാല് വയസും ക്രിസ്റ്റ്യാനോയ്ക്ക് പ്രായം 40 വയസും. ഏറക്കുറെ അസാധ്യമെന്ന് തോന്നിക്കുന്ന ആഗ്രഹമാണെങ്കിലും ക്രിസ്റ്റ്യാനോ ആയതുകൊണ്ട് അസാധ്യമെന്നൊരു വാക്ക് നിഘണ്ടുവിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസും മകന്‍ ബ്രോണി ജെയിംസും എന്‍ബിഎയില്‍ എല്‍ എ ലേക്കേഴ്സിനായി ഒരുമിച്ചിറങ്ങി ചരിത്രംകുറിച്ചിരുന്നു. ലിബ്രോണിന് പ്രായം 39 വയസും ബ്രോണിക്ക് പ്രായം 20 വയസും.