പന്തുതട്ടി ടീമിനെ ജയിപ്പിച്ച് മന്ത്രി കടന്നപ്പള്ളി.. ഒപ്പം കളിക്കളത്തില്‍ സഖാവ് ഇപി.. ഇടത്, വലത് നേതാക്കളടക്കം ഒന്നിച്ചൊരു ടീം. സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ടൂര്‍ണമെന്‍റിലെ സൗഹാര്‍ദ മത്സരത്തിലാണ് രാഷ്ട്രീയ ടീം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ടീമിനെ മലര്‍ത്തിയടിച്ചത്.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ വോളിബോള്‍ കോര്‍ട്ട്.. തൂവെള്ളക്കുപ്പായത്തിന് മുകളില്‍ കളിയാവേശത്തിന്‍റെ ജഴ്സി. രാഷ്ട്രീയം വോളിബോള്‍ കോര്‍ട്ടിന് പുറത്ത് മടക്കിക്കെട്ടി ഒരു ഒന്നൊന്നര ഇറക്കം. കളത്തില്‍ സിപിഎം, ഡിവൈഎഫ്ഐ, കോണ്‍ഗ്രസ്, ലീഗ്, ബിജെപി നേതാക്കള്‍ ഒറ്റക്കെട്ട്.. ഒരേ മനസോടെ, ഒരു ലക്ഷ്യത്തോടെ. ആദ്യ സര്‍വ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെ..
കടന്നപ്പള്ളി ആളൊരു പുലി തന്നെ.. സര്‍വുകൊണ്ട് അമ്മാനമാടി. ചേംബര്‍ ടീമിനെതിരെ പത്തിലധികം പോയിന്‍റ് ഒറ്റനില്‍പ്പില്‍ മന്ത്രി വീശിയടിച്ച് നേടിക്കൊടുത്തു. കൈയ്യടികളുടെ പൂരം. പഴയ കായികമന്ത്രി ഇപി ജയരാജന് രാഷ്ട്രീയക്കളം പോലെ എളുപ്പമല്ല കളിക്കളം,, തൊടുത്തുവിട്ട സര്‍വുകളില്‍ അടിപതറി. പക്ഷേ, പോരാട്ടവീര്യത്തിനുണ്ടോ കുറവ്!! ചേംബര്‍ ടീമെനെ 25/12 എന്ന പോയിന്‍റ് നിലയില്‍ രാഷ്ട്രീയ ടീം നിലംപരിശാക്കി. പലരാഷ്ട്രീയ മുഖങ്ങളുള്ളവര്‍ ആ വിജയത്തില്‍ ആനന്ദം കൊണ്ടാടി. മന്ത്രിയെ വാനോളം വാഴ്ത്തി ഇ.പി. താന്‍ പഴയ വോളിബോള്‍ താരമെന്ന് മന്ത്രി , വിജയരഹസ്യം വെളിപ്പെടുത്തില്ലെന്ന് മന്ത്രിയുടെ തമാശ. മന്ത്രിക്കും ഇപിയ്ക്കുമെല്ലാം ജില്ലാ കലക്ടര്‍ മെഡലണിയിച്ചു. ലഹരിക്കെതിരായ സന്ദേശമുയര്‍ത്തിയ സൗഹൃദ മത്സരം അങ്ങനെ കളറായി.