കായികമന്ത്രി വി.അബ്ദുറഹ്മാനും കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.സുനില്‍ കുമാറും തമ്മിലുള്ള വാക്പോര് തുടരുന്നു. കായിക താരങ്ങളോട് മെഡല്‍ വലിച്ചെറിയാന്‍ ആവശ്യപ്പെടുന്ന മന്ത്രി ലോകത്തെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ പ്രകടനത്തെച്ചൊല്ലി തുടങ്ങിയ വാക്ക് തര്‍ക്കം എല്ലാ പരിധികളും ഭേദിച്ച് തുടരുകയാണ്. എട്ടുകാലി മമ്മൂഞ്ഞെന്നാണ് കായിക മന്ത്രിക്ക് ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നല്കിയ പുതിയ വിളിപ്പേര്. വി സുനില്‍കുമാര്‍ പ്രസിഡന്‍റായ ഹോക്കി അസോസിയേഷന് സര്‍ക്കാര്‍ അനുവദിച്ച 60 ലക്ഷം രൂപയുമായി ബന്ധപ്പെട്ട ആരോപണത്തിനാണ് മറുപടി.
സ്പോര്‍ട്സ് കൗണ്‍സിലിന് മുന്നില്‍ മെഡലുമായി പ്രതിഷേധിച്ച ഹാന്‍ഡ് ബോള്‍ ടീമിനോട് മെഡല്‍ വലിച്ചെറിയാന്‍ ആവശ്യപ്പെടുന്ന മന്ത്രിയെ പൊതു സമൂഹം വിലയിരുത്തട്ടെയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് കായിക സംഘടനകള്‍ പുട്ടടിക്കുന്നുവെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായും പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വി സുനില്‍ കുമാര്‍ അറിയിച്ചു.