കഴിഞ്ഞ 10മാസമായി ഭക്ഷണത്തിനുള്ള തുകപോലും കൊടുക്കാതെ, സർക്കാർ പദ്ധതികളിലുള്ള കായിക പ്രതിഭകളെ പട്ടിണിക്കിട്ട് കായികവകുപ്പ്. മത്സ്യം, മാംസം, മുട്ട, പാൽ എന്നിവയൊക്കെ മെനുവിൽ ഉണ്ടെങ്കിലും കഠിനപരിശീലനം കഴിഞ്ഞെത്തുന്ന കുട്ടികൾക്ക് ലഭിക്കുന്നത് സമ്പാറും ചോറും. സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾ, നടത്തിപ്പുകാരുടെ ഔദാര്യത്തിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ മറുപുറത്ത് വൻ ചെലവിൽ കായിക സമ്മിറ്റുകൾ മാത്രം നടത്തുന്ന തിരക്കിലാണ് സർക്കാരും, കായികവകുപ്പും, കായിക മന്ത്രിയും.
കഴിഞ്ഞ ആറുമാസമായി സ്പോർട്സ് ഹോസ്റ്റലുകൾക്ക് ധനസഹായം സർക്കാർ കൊടുത്തിട്ടില്ല. കായികമേഖലയിൽ മുന്നിലുള്ള കോതമംഗലം എം എ കോളജ്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, സെന്റ് തോമസ് കോളജ് തൃശൂർ എന്നിവർക്കൊക്കെ ലക്ഷങ്ങൾ കുടിശിക ഇനത്തിൽ കിട്ടാനുണ്ട്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഫണ്ട് അനുവദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പലർക്കും ആ തുകയും കിട്ടിയിട്ടില്ല. ഈ ഹോസ്റ്റലുകളിലെ കുട്ടികൾ ഈ ആക്കാഡമിക് ഇയറിലെ പരിശീലനം പൂർത്തിയാക്കിയത് മാനേജുമെന്റുകളുടെ ഔദാര്യം കൊണ്ടാണ്. മന്ത്രി തള്ളൽ നിർത്തി കുടിശിക തീർത്തു തരണം എന്ന ആവശ്യമാണ് സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പുകാരുടെ ആവശ്യം.