• 2025ല്‍ കോലിയുടെ ശമ്പളം 21 കോടിയാക്കി ആര്‍സിബി ഉയര്‍ത്തി. ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ആ വര്‍ഷം മുബൈ ഇന്ത്യന്‍സ് പക്ഷേ ബുംറയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. രോഹിതിനെ 16.3 കോടിയയെന്ന സ്ലാബില്‍ തന്നെ നിര്‍ത്തി

ഒന്നും രണ്ടുമല്ല, 19 സീസണുകള്‍... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ നെടുന്തൂണുകളാണ് അന്ന് മുതല്‍ ഇന്നുവരെയും വിരാട് കോലിയും രോഹിത് ശര്‍മയും. ഇരുവരുടെയും കരിയറിന്‍റെ ഏകദേശം തുടക്കത്തില്‍ തന്നെ ഐപിഎലും വന്നതോടെ വളര്‍ച്ചയും ഒപ്പമായിരുന്നു. 38കാരനായ കോലിയും 39കാരനായ രോഹിതും ഐപിഎലിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളാണെന്നതിലും ആര്‍ക്കും സംശയമില്ല. 

2006ലാണ് രോഹിതിനെ സിലക്ടര്‍മാര്‍ കണ്ടെത്തുന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം. കോലിയാവട്ടെ 2008ല്‍ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വരവറിയിച്ചത്. രണ്ട് പതിറ്റാണ്ടിനിപ്പുറം രാജ്യത്തിനായും ഐപിഎല്ലിലും രോഹിത് 28011 റണ്‍സുകളും കോലി 37,949 റണ്‍സും അടിച്ചുകൂടി മഹാമേരുക്കളായി നില്‍ക്കുന്നു. 2008ല്‍ ഏകദേശം മൂന്ന് കോടി രൂപയ്ക്കാണ് രോഹിത് ശര്‍മയെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കിയത്. 2007ലെ ട്വന്‍റി 20 ലോകകപ്പിന് പിന്നാലെയായിരുന്നു ഇത്. അണ്ടര്‍ 19 പൂളില്‍ നിന്ന് 20.1 ലക്ഷം രൂപയ്ക്കാണ് കോലിയെ ആര്‍സിബി വാങ്ങിയത്. 

2011ലെ മെഗാ ലേലം ഇരുവരുടെയും ഐപിഎല്‍ സാലറിയുടെ തലവര മാറ്റി. ഒന്‍പത് കോടിയെന്ന മോഹവില നല്‍കി രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. കോലിയെ 8.16 കോടി രൂപയ്ക്ക് ആര്‍സിബി നിലനിര്‍ത്തി. 2013ല്‍ ഇരുവരും ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരായി. തൊട്ടടുത്ത വര്‍ഷത്തെ മെഗാലേലത്തോടെ അതത് ഫ്രാഞ്ചൈസികളുടെ മുഖമായും ഇരുവരും മാറി. 12.5 കോടി വീതമായി ഇരുവരുടെയും ഐപിഎല്‍  സാലറി.

2018 ആയതോടെ കോലിയുടെ സാലറി വീണ്ടും കുത്തനെ ഉയര്‍ന്ന് 17 കോടിയായി. അന്ന് രോഹിത് ശര്‍മ 15 കോടിയാണ് വാങ്ങിയിരുന്നത്. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ അടുപ്പിച്ച് രണ്ട് വര്‍ഷം ചാംപ്യന്‍മാരുമായി. 2022 ല്‍ തനിക്ക് രണ്ട് കോടി കുറച്ച് നല്‍കിയാല്‍ മതിയെന്ന് കോലി ആര്‍സിബിയോട് സ്വമേധയാ ആവശ്യപ്പെട്ടു. രോഹിതാവട്ടെ 16 കോടി രൂപയും വാങ്ങി. 2024 വരെ ഈ സ്ഥിതി തുടര്‍ന്നു. 

2025ല്‍ കോലിയുടെ ശമ്പളം 21 കോടിയാക്കി ആര്‍സിബി ഉയര്‍ത്തി. ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ആ വര്‍ഷം മുബൈ ഇന്ത്യന്‍സ് പക്ഷേ ബുംറയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. രോഹിതിനെ 16.3 കോടിയയെന്ന സ്ലാബില്‍ തന്നെ നിര്‍ത്തി. ഇരുവരുടെയും ഇതുവരെയുള്ള ഐപിഎല്‍ സാലറി കണക്കുകൂട്ടിയാല്‍ രോഹിതിനെക്കാള്‍ 2.01കോടി രൂപ കോലിയുടെ അക്കൗണ്ടിലാണ് കൂടുതലായി എത്തിയത്. ഇപ്പോഴിതാ രോഹിത് ശര്‍മയെ വീണ്ടും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നു. ശമ്പളം എത്ര കോടി കൂടും എന്നതാണ് ഇനി അറിയേണ്ടത്. 

ENGLISH SUMMARY:

Virat Kohli and Rohit Sharma, two of the biggest stars in IPL history, have earned massive salaries throughout their 19-season association with the tournament. According to the salary figures outlined in the report, Kohli has earned approximately ₹2.01 crore more than Rohit through IPL contracts. Kohli's salary rose to a record ₹21 crore in 2025 with Royal Challengers Bengaluru, while Rohit continued to earn ₹16.3 crore with Mumbai Indians. With Rohit reportedly returning as Mumbai Indians captain, attention is now on whether his IPL salary will increase in the coming season.