എന്റെ ജീവിതത്തിലാദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു കിരീടം ഉയര്‍ത്തുന്നത് കാണുന്നത് 2007 ലാണ്. ബാഗും തൂക്കിയെറിഞ്ഞ് സ്കൂള്‍ യൂണിഫോം പോലും മാറാതെ അമ്മയുടെ വഴക്കും കേട്ട് കണ്ട ഫൈനല്‍. ടെന്ഷന്റെയൊക്കെ പീക്ക് ലെവല്‍ അന്നാണ് ആദ്യമായി അറിഞ്ഞത്. ക്രിക്കറ്റിനോടുള്ള ക്രഷ് തുടങ്ങിയ കാലമായിരുന്നു അത്. ആദ്യം സച്ചിന്, പിന്നെ ദ്രാവിഡ്, മൂന്നാമത് സേവാഗ്, ജാഡ ലുക്കുള്ള ഗാംഗുലി നാലാമത്. ഇതായിരുന്നു എന്റെ ടോപ് ലിസ്റ്റ്. ഈ ലിസ്റ്റിലേക്കാണ് നീണ്ട മുടിയുള്ള ഒരു റാഞ്ചിക്കാരന് എന്റെ മനസ് റാഞ്ചിയെടുത്തത്. പിറ്റേന്ന് പത്രം നോക്കി ആള്‍ടെ ഡീറ്റെയ്ല് എല്ലാം തപ്പിയെടുത്തു. പേര് മഹേന്ദ്രസിങ് ധോണി.
Also Read: അഞ്ച് കിരീടങ്ങള്‍, 10 ഫൈനലുകള്‍; ഐപിഎല്ലില്‍ ധോണിയുഗത്തിന് അന്ത്യം
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് 6 വര്‍ഷം കഴിഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ കുറേക്കാലമായി ഫോമിലല്ല. എന്നിട്ടും നമ്മുടെ പലരുടേയും ടോപ്പ് ലിസ്റ്റില്‍ ഇപ്പോഴും ഈ മനുഷ്യനുണ്ടാകും. കാരണം അത്രയേറെ മനോഹരമായ ഓര്‍മകള്‍ നമുക്ക് സമ്മാനിച്ച മറ്റൊരു നായകനില്ല ഇന്ത്യന്‍ ക്രിക്കറ്റില്‍. 1983 ല്‍ കപിലിന്റെ ചെകുത്താന്മാര് എടുത്തുയര്‍ത്തിയ കപ്പ്, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ദൈവത്തിന് വെച്ചുനീട്ടിയ കൈകള്‍.. തോറ്റു എന്ന് കരുതിയ എത്രയെത്ര മല്‍സരങ്ങള്‍ അയാള്‍ നമുക്ക് നേടി തന്നിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തലയായി ഉണ്ടെന്നതായിരുന്നു ആരാധകരുടെ ആശ്വാസം. ഓരോ വര്‍ഷവുമെത്തുന്ന ഐപിഎല്‍ പൂരത്തില്‍ തലയുടെ വിളയാട്ടത്തിനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ.
മഹി മാജിക്കിന് പല സ്റ്റേഡിയങ്ങളും സാക്ഷ്യം വഹിച്ചു. ആര് തുടങ്ങിയാലും തല ഫിനിഷ് ചെയ്യണമെന്ന ഒരു വാശി ചില ആരാധകര്‍ക്കെങ്കിലും ഉണ്ടായിരുന്നു. ചെപ്പോക്കില്‍ മഞ്ഞക്കുപ്പായത്തില്‍ മഹിരാവണന്‍ ഇറങ്ങുമ്പോള്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. അവിടുന്നുയരുന്ന ശബ്ദത്തിന്റെ ഡെസിബല്ലിനോട് കിടപിടിക്കാന്‍ ആരെക്കൊണ്ടുമായില്ല. ചില സമയങ്ങളില്‍ ധോണി ഇറങ്ങാനായി തൊട്ടുമുന്‍പുള്ള താരം പുറത്താകാന്‍ പ്രാര്‍ഥിക്കുന്ന ക്രേസി ആരാധകരേയും കാണാം. ഈ ക്രേസിനെസിന് രവീന്ദ്ര ജഡേജ പലവട്ടം ഇരയായിട്ടുണ്ട്.
Also Read: ഐപിഎല്‍ താരകൈമാറ്റം; മുഹമ്മദ് ഷമി രാജസ്ഥാന് റോയല്‍സിന് സ്വന്തം
കഴിഞ്ഞ കുറച്ചു സീസണുകളായി ധോണിക്ക് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായിരുന്നില്ല. ചെന്നൈ അവസാനമായി കിരീടം നേടിയ വര്‍ഷമായിരുന്നു ഏറ്റവും മോശം. 2023 ല്‍ വെറും 104 റണ്‍സ് ആയിരുന്നു സമ്പാദ്യം. 2024 ല്‍ 161, 2025 ല്‍ 196 എന്നിങ്ങനെയായിരുന്നു. പക്ഷേ വിക്കറ്റിന് പിന്നിലും തന്ത്രങ്ങളിലും മഹി വെല്ലുവിളി തന്നെയായിരുന്നു. ഇന്നും ധോണി ആ ടീമില്‍ ഉപദേശകനായി തുടരുമ്പോള്‍ എതിരാളികള്‍ക്ക് ഒരിക്കലും ചെന്നൈയെ എഴുതിതള്ളാനാകില്ല. പ്രാക്ടീസിനിടെ പരുക്കേറ്റ് കഴിഞ്ഞ സീസണ് മുഴുവന്‍ പുറത്തിരുന്നു. എത്ര വൈകിയാലും ഒരു ഫെയര്‍വെല്‍ മാച്ച് ഉണ്ടാകുമെന്ന ആരാധകരുടെ പ്രതീക്ഷ കൂടിയാണ് കൊഴിഞ്ഞുവീണത്. പാഡ് കെട്ടി ഫീല്‍ഡില്‍ ഇനി ഇറങ്ങില്ലായിരിക്കാം. പക്ഷേ തന്ത്രങ്ങളുടെ തമ്പുരാനായി ചെന്നൈ കോട്ടയില്‍ ചേട്ടനേയും കൂട്ടരേയും നയിക്കാന്‍ 'തല' ഉണ്ടാകും.