hardik-pandya-leaves-mumbai-to-lsg-delhi
  • നായകനായി മുംബൈയില്‍ തിരിച്ചുവന്നതു മുതല്‍ പല ആരാധകരുടേയും കണ്ണിലെ കരടായിരുന്നു പാണ്ഡ്യ. അടുത്ത സീസണ്‍ മുതല്‍ പഞ്ചാബിന്റെ കുപ്പായത്തില്‍ താരം കളിക്കാനിരിക്കെ, മുംബൈയിലെ സെക്കന്‍ഡ് ഇന്നിങ്സില്‍ ഹാര്‍ദിക്കിന് കൈപൊള്ളിയത് എവിടെയാണ്?

മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ല്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍.. മുംബൈ ഇന്ത്യന്‍സിനും ആരാധകര്‍ക്കും ഒരുകാലത്ത് ഹാര്‍ദിക് പാണ്ഡ്യ അക്ഷരാര്‍ഥത്തില്‍ മുത്തുമണിയായിരുന്നു. പക്ഷേ ഇപ്പോള്‍ ഹാര്‍ദിക് ഇതേ ആരാധകര്‍ക്ക് ഒരു റെഡ് ഫ്ലാഗാണ്. നായകനായി മുംബൈയില്‍ തിരിച്ചുവന്നതു മുതല്‍ പല ആരാധകരുടേയും കണ്ണിലെ കരടായിരുന്നു പാണ്ഡ്യ. അടുത്ത സീസണ്‍ മുതല്‍ പഞ്ചാബിന്റെ കുപ്പായത്തില്‍ താരം കളിക്കാനിരിക്കെ, മുംബൈയിലെ സെക്കന്‍ഡ് ഇന്നിങ്സില്‍ ഹാര്‍ദിക്കിന് കൈപൊള്ളിയത് എവിടെയാണ്?  Also Read: ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബിലേക്ക്; അര്‍ഷ്ദീപ് മുംബൈ ഇന്ത്യന്‍സില്‍; പ്രതിഫലം ഇങ്ങനെ


ഹാര്‍ദിക് പാണ്ഡ്യ എന്ന് കേള്‍ക്കുമ്പോള്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡുമായി ചേര്‍ന്നുള്ള വെട്ടിക്കെട്ടുകളാണ് ആദ്യം ഓര്‍മ വരിക. പൊള്ളാര്‍ഡ്–പാണ്ഡ്യ ഡെഡ്‍ലി കോമ്പോയോട് കൊമ്പ് കോര്‍ത്ത് കൈ പൊള്ളിയവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. അങ്ങനെ മുംബൈ ഡോണായി വാഴുന്ന സമയത്താണ് പുതിയ ഫ്രാഞ്ചൈസിയുടെ നായകനാകാനുള്ള വമ്പന്‍ ഓഫര്‍ എത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി IPL കരിയറില്‍ പ്രമോഷന്‍. വെല്ലുവിളി ഏറ്റെടുത്ത് മുംബൈ വിട്ട ഹാര്‍ദിക് 2022 ലെ ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ IPL ചാംപ്യന്‍മാരാക്കി. തൊട്ടടുത്ത വര്‍ഷം റണ്ണറപ്പുകളുമായി. ഗുജറാത്ത് നായകനായിരിക്കെ മുംബൈയെ ഇടയ്ക്ക് ചൊറിയുന്ന സ്വഭാവം ഹര്‍ദിക്കിനുണ്ടായിരുന്നു. മുംബൈ മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് കപ്പ് നേടുന്നതെന്ന താരത്തിന്റെ പരാമര്‍ശം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പക്ഷേ ഹാര്‍ദിക്കിന്റെ കഴിവിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകുമായിരുന്നില്ല. കൈവിട്ടത് മാണിക്യമാണെന്ന തിരിച്ചറിവില്‍ നിന്നാകാം മുംബൈ 2024ല്‍ ഹാര്‍ദിക്കിനെ തിരിച്ചുവിളിച്ചു. പക്ഷേ അവിടെനിന്നാണ് വണ്‍ ഫാമിലി എന്ന മുംബൈയുടെ ടാഗ് ലൈനില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. 

മുംബൈ ഇന്ത്യന്‍സിന് 5 കപ്പുകള്‍ നേടിക്കൊടുത്ത സാക്ഷാല്‍ രോഹിത് ശര്‍മയെ മാറ്റി ക്യാപ്റ്റന്റെ തൊപ്പി ഹാര്‍ദിക്കിന് കൊടുത്തത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. മുംബൈയുടെ സോഷ്യല്‍ മീഡിയ പേജുകളെല്ലാം ആരാധകരോഷം കൊണ്ട് നിറഞ്ഞു. അണ്‍ഫോളോ ക്യാംപെയ്നുകള്‍, ഹാര്‍ദിക്കിനും മാനേജ്മെന്റിനുമെതിരെ ഹെയ്റ്റ് ക്യാപെയ്നുകള്‍... മുംബൈ കുടുംബം തകര്‍ന്നെന്ന് ഒരു വിഭാഗം ആരാധകര്‍ പറഞ്ഞു. മാനേജ്മെന്റ് തീരുമാനത്തില്‍ ടീമിനുള്ളിലും അതൃപ്തി പുകഞ്ഞു. 

hardik-pandya

അരിശം തീരാത്ത ആരാധകര്‍, മുംബൈ ഹോം ഗ്രൗണ്ടില്‍ പോലും ഹാര്‍ദിക്കിനെ വെറുതെവിട്ടില്ല. കുക്കൂവിളികള്‍, പരിഹാസങ്ങള്‍ അങ്ങനെ നിരന്തരമായ അപമാനങ്ങള്‍. താരത്തിന്റെ ആറ്റിറ്റ്യൂഡും സഹതാരങ്ങളോടുള്ള പെരുമാറ്റവും ഗ്രൗണ്ടിലെ തെറ്റായ തീരുമാനങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെയായി. മുംബൈ ഇന്ത്യന്‍സ് ആര്‍ ഘടകം, എച്ച് ഘടകം എന്ന് വിളിച്ച് ടീമിനെ വിമര്‍ശകര്‍ പരിഹസിച്ചു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ജസ്പ്രീത് ബുമ്രയുണ്ടായിട്ടും നിര്‍ണായക ഘട്ടങ്ങളില്‍ ബോളിങ്ങിനിറങ്ങി തല്ലിവാങ്ങികൂട്ടിയതും ആരാധക രോഷം കൂട്ടി. ക്യാപ്റ്റനെന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും ഹാര്‍ദിക് പലപ്പോളും വട്ടപൂജ്യമായി. വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയും കൂടി. 

2024 ല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത് പത്താമതായി. 4 ജയവും 10 തോല്‍വിയുമായി നാണംകെട്ട സീസണ്‍. 2025 ല്‍ ലീഗില്‍ നാലാമതായി ഫിനിഷ് ചെയ്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ ടേബിളില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു മുംബൈ. ഡ്രസിങ്റൂമിലെ ഉരസലുകളും പതിയെ മറനീക്കി പുറത്തുവന്നു.  മുംബൈയ്ക്ക് രോഹിത് ആരായിരുന്നു എന്ന് എന്ന് മനസിലാക്കാന്‍ മാനേജ്മെന്റിന് ഇക്കാലഘട്ടംകൊണ്ട് ആയി.  സച്ചിനും റിക്കി പോണ്ടിങ്ങും ഷോണ്‍ പൊള്ളോക്കും വരെ അണിഞ്ഞ ക്യാപ്റ്റന്‍ തൊപ്പി ഹാര്‍ദിക്കിന് അമിത ഭാരമായി. ആ സമ്മര്‍ദമാണ് ടീം വിടാന്‍ താരത്തെ പ്രേരിപ്പിച്ചതും. ഇതുവരെ അണിഞ്ഞ ക്യാപ്റ്റന്‍ ക്യാപ് മുംബൈയുടെ രാജയ്ക്ക്.. രോഹിത് ശര്‍മ്മയ്ക്ക് മടക്കി നല്‍കി ഹര്‍ദിക് പുതിയ മേച്ചില്‍ പുറം തേടി പോകുന്നു. രോഹിത് വീണ്ടും നായകനാകുമ്പോള്‍, മുംബൈ പഴയ മുംബൈയാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

ENGLISH SUMMARY:

Hardik Pandya's second stint with Mumbai Indians as captain has reportedly come to an end amid fan criticism, questions over his leadership and disappointing team performances. After leading Gujarat Titans to an IPL title in 2022 and returning to Mumbai in 2024, Hardik replaced five-time title-winning captain Rohit Sharma, triggering widespread backlash among supporters. Mumbai finished tenth in 2024, improved to fourth in 2025, but reportedly slipped to ninth in the latest season discussed. With Hardik expected to move to Punjab and Rohit potentially returning to the leadership role, Mumbai Indians face a new chapter as fans hope for a return to their former success.