Image Credit: X/rcb

ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയുടെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ക്യാമറക്കണ്ണുകള്‍ ഒരു ദൃശ്യം ഒപ്പിയെടുത്തു. വിരാട് കോലി, വൈഭവ് സൂര്യവംശിയെ ചേര്‍ത്ത് പിടിച്ച് എന്തോ പറയുന്നതായിരുന്നു അത്. എന്താവും കിങ് കോലി വൈഭവ് സൂര്യവംശിയെന്ന പ്രതിഭയോട് പറഞ്ഞതെന്നറിയാന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആവേശത്തോടെ തിരയുകയും ചെയ്തു. ആ അന്വേഷണം ഇതാ ഫലം കണ്ടിരിക്കുന്നു. 43 സെക്കന്‍റുള്ള വിഡിയോ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പുറത്തുവിട്ടത്. 

'ഇവിടെ മുതല്‍ നിന്‍റെ ഉയര്‍ച്ചയാണ്. ഇപ്പോള്‍ സംഭവിച്ചതെല്ലാം നിന്‍റെ കഠിനാധ്വാനത്തിന്‍റെയും നിന്നിലുള്ള വിശ്വാസത്തിന്‍റെയും ഫലമാണ്. ആളുകള്‍ എന്ത് പറയുന്നുവെന്നതോ എങ്ങനെ പറയുമെന്നതോ കാര്യമാക്കേണ്ടതില്ല. ഒരു ബിഹാരി പയ്യന്‍ അവരെയെല്ലാം തോല്‍പ്പിച്ചു കളഞ്ഞു. കഥ കഴിഞ്ഞു' എന്നായിരുന്നു കോലി 15കാരന്‍ വൈഭവിനോട് പറഞ്ഞത്. സ്വന്തം കഴിവില്‍ ഉറച്ച് വിശ്വസിക്കണമെന്നും കഠിനാധ്വാനം കൈവെടിയരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. വൈഭവാകട്ടെ മൗനമായി നിന്ന് കോലിയുടെ വാക്കുകള്‍ കേട്ടു. 

സീസണ്‍ തുടങ്ങിയതിന് പിന്നാലെ വൈഭവിന്‍റെ ക്യാപ്പില്‍ കോലി ഓട്ടോഗ്രാഫും നല്‍കിയിരുന്നു. അത് ഒരു നിധി പോലെ ടൂര്‍ണമെന്‍റിലുടനീളം വൈഭവ് കൊണ്ടു നടന്നതും കാണാമായിരുന്നു. എന്നെല്ലാം ബാറ്റിങ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയോ അന്നെല്ലാം വൈഭവ് കോലിയുടെ കയ്യൊപ്പ് ചാര്‍ത്തിയ തൊപ്പിയണിഞ്ഞു. 

ഐപിഎല്‍ ഈ സീസണിലെ വിസ്മയക്കാഴ്ചയായിരുന്നു വൈഭവിന്‍റെ ബാറ്റിങ്. 16 ഇന്നിങ്സുകളില്‍ നിന്നായി 776 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. അതും 237.31 സ്ട്രൈക്ക് റേറ്റില്‍. ലോകോത്തര ബോളര്‍മാരെല്ലാം ആ ബാറ്റിന്‍റെ ചൂടറിഞ്ഞു.  പാറ്റ് കമ്മിന്‍സെറിഞ്ഞ രണ്ടോവറില്‍ 38 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത് അതും 316.7 സ്ട്രൈക്ക് റേറ്റില്‍. ബുംറയെ രണ്ടുവട്ടമാണ് സിക്സ് പറത്തിയത്. ആകെ 72 സിക്സുകള്‍ വൈഭവ് മാത്രം കുറിച്ചു. 

ENGLISH SUMMARY:

Following Royal Challengers Bengaluru's spectacular IPL title triumph, a dynamic video released by the franchise revealed Virat Kohli's heartfelt words to fifteen-year-old batting prodigy Vaibhav Suryavanshi. Kohli was captured holding the emotional teenager close, advising him to ignore outside corporate noise and remain deeply rooted in his personal operational process. The legendary batsman lauded the prodigy's relentless hard work, highlighting that a young boy from Bihar had effectively outclassed world-class international bowlers on the grandest stage. Throughout the tournament, Suryavanshi treasured an orange cap personally autographed by Kohli, proudly wearing it whenever he dynamically topped the structural batting charts. The young prodigy finished his dream debut season with a massive seven hundred and seventy-six runs from sixteen innings, operating at a destructive strike rate of 237.31 while smashing seventy-two tournament sixes.