ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന  രണ്ടാം ട്വന്‍റി 20യില്‍ കിവീസിനെ ബാറ്റിങിനയച്ച് ഇന്ത്യ. ഭുവിയെ ആദ്യ ഓവറില്‍ സിക്സര്‍ പറത്തിയ ടിം സെയ്ഫെര്‍ട്ടിനെ അടുത്ത ഓവറില്‍ മടക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് മിന്നും തുടക്കം സമ്മാനിച്ചു. തിലക് വര്‍മയാണ് ക്യാച്ചെടുത്തത്.  തന്‍റെ രണ്ടാം ഓവറില്‍ ഡാരില്‍ മിച്ചലിനെ ആറ് റണ്‍സിന് പുറത്താക്കി ഭുവിയും ഫോമിലേക്ക്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവിയുടെ ആദ്യ വിക്കറ്റാണിത്. ആദ്യ മല്‍സരത്തില്‍ താരത്തിന് താളം വീണ്ടെടുക്കാനായിരുന്നില്ല. നാലോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് കിവീസ് ഇപ്പോള്‍.

പരുക്കേറ്റ ഇഷാന്‍ കിഷന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. മായങ്ക് യാദവിന് പകരം പേസര്‍ പ്രിന്‍സ് യാദവും ടീമിലെത്തി. ന്യൂസീലന്‍ഡിന്‍റെയും പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ട്. ജേക്കബ്ബ് ഡഫിക്ക് പകരം ആഡം മില്‍നെയാണ് ടീമില്‍. 

ഇന്ത്യയുടെ 300–ാം ട്വന്‍റി 20 മല്‍സരമാണ് ഇന്ന്. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്നത്തേത് ജയിച്ച് കിവീസിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയാകും ഇന്ത്യന്‍ ലക്ഷ്യം.  ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഫീല്‍ഡില്‍ ഊര്‍ജസ്വലതയോടെ നില്‍ക്കുകയാണ് ലക്ഷ്യം. ഇഷാന് പരുക്കാണ്. വൈഭവാണ് പകരക്കാരന്‍. മായങ്കിന് പകരം പ്രിന്‍സ് പ്ലേയിങ് ഇലവനിലുണ്ട്'- ശ്രേയസ് പറഞ്ഞു. 

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ : അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ആദ്യമല്‍സരത്തിനിടെ കാലിന് പേശീവലിവ് അനുഭവപ്പെട്ടതോടെയാണ് ഇഷാന്‍ കിഷനെ പുറത്തിരുത്തി വൈഭവിന് മാനേജ്മെന്‍റ് അവസരം നല്‍കിയത്. ഇഷാന്‍ രണ്ടാം മല്‍സരത്തിന് ഉണ്ടാവില്ലെന്ന് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

India won the toss and elected to field against New Zealand in the second T20I of the five-match series in Christchurch. Young batter Vaibhav Sooryavanshi was included in the playing XI in place of the injured Ishan Kishan, while pacer Prince Yadav replaced Mayank Yadav. New Zealand also made a change, bringing in Adam Milne in place of Jacob Duffy, according to the supplied match report. The match marks India's 300th T20 international, with the team aiming to extend its 1–0 lead in the series.