Image Credit: X/ Reuters

ഐപിഎല്‍ ഫൈനലില്‍ കടക്കാതെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടതോടെ ഹൃദയം തകര്‍ന്നാണ് വൈഭവ് സൂര്യവംശി മടങ്ങിയത്. ഗുജറാത്തിന്‍റെ തകര്‍പ്പനടിക്ക് മുന്നില്‍ 47 പന്തില്‍ 96 റണ്‍സെടുത്ത വൈഭവിന്‍റെ പോരാട്ടം വെറുതേയായി. തുടര്‍ച്ചയായ രണ്ടാം തവണയും സെഞ്ചറി നഷ്ടമായ വൈഭവിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വഴക്കു പറയുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

പുറത്തായി ടീമിനൊപ്പമെത്തി ഇരിക്കവേയാണ് വൈഭവിനടുത്തേക്ക് പരാഗ് എത്തുന്നതും കൈ ചൂണ്ടി സംസാരിക്കുന്നതും. മറുപടിയൊന്നും പറയാനില്ലാതെ താരം കൈ കൊണ്ട് മുഖം മറയ്ക്കുന്നത് വിഡിയോയില്‍ കാണാം. അതേസമയം, പരാഗിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 11 റണ്‍സെടുത്ത് പുറത്തായ ആള്‍ക്ക് നാണമില്ലേ വൈഭവിനെ ഉപദേശിക്കാന്‍ എന്നാണ് ചിലര്‍ കുറിച്ചത്.

ടോസ് നേടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ യശസ്വി ജയ്സ്വാളിനെയും ധ്രുവ് ജുറേലിനെയും നഷ്ടപ്പെട്ടു. റണ്ണൊഴുകാന്‍ തുടക്കത്തില്‍ പിശുക്ക് കാണിച്ച മുല്ലന്‍പുരില്‍ ക്ഷമാപൂര്‍വം ബാറ്റ് വീശിയാണ് അര്‍ധ സെഞ്ചറി തികച്ചത്. 46 റണ്‍സെടുത്ത് നില്‍ക്കവേ സായ് സുദര്‍ശന്‍റെ കയ്യില്‍ നിന്ന് വൈഭവ് രക്ഷപെടുകയായിരുന്നു. സീസണില്‍ തന്‍റെ ആറാം അര്‍ധ സെഞ്ചറിയാണ് താരം തികച്ചത്. നാല് ഇന്നിങ്സിനിടെ ഇത് മൂന്നാം തവണയാണ് വൈഭവ് സെഞ്ചറിക്ക് തൊട്ടരികെ പുറത്താകുന്നത്.  

വിക്കറ്റ് വീണ് പ്രതിരോധത്തിലായ രാജസ്ഥാനെ വൈഭവ് ജഡേജയും ചേര്‍ന്നാണ് മികച്ച സ്കോറിലെത്തിച്ചത്. ടെന്നിസ് എല്‍ബോ വലച്ചതോടെ റിട്ടയര്‍ഡ് ഹര്‍ട്ടായി എട്ടാം ഓവറില്‍ താരം മടങ്ങിയെങ്കിലും ഡെത്തോവറില്‍ ഡോനവന്‍ ഫെറേറയ്ക്കൊപ്പം ജഡേജ വീണ്ടുമെത്തി. 11 പന്തില്‍ 38 റണ്‍സാണ് ഡോനവന്‍ ഫെറേറ എടുത്തത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാളെ ആര്‍സിബിയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രേമോദി സ്റ്റേഡിയത്തിലാണ് മല്‍സരം. 

ENGLISH SUMMARY:

Social media is flooded with severe criticism against Rajasthan Royals captain Riyan Parag for publicly scolding young batting sensation Vaibhav Suryavanshi after their dynamic IPL exit. A viral video captured Parag aggressively gesturing at an emotional Suryavanshi in the dugout, who was seen covering his face in heartbreak after missing his century by just four runs. Fans heavily bashed the skipper, pointing out that Parag, who scored only 11 runs, had no moral right to lecture a youngster who single-handedly anchored the team with a brilliant 47-ball 96. Suryavanshi's fighting knock, alongside a resilient comeback from Ravindra Jadeja despite a tennis elbow injury and Donovan Ferreira's quickfire 38, had propelled RR to 214/6. However, Gujarat Titans comfortably chased the target to secure their final berth at the Narendra Modi Stadium in Ahmedabad.