ലക്നൗ സൂപ്പർ ജയന്റ്‌സിന്‍റെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് റിഷഭ് പന്ത്. ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള പന്തിന്‍റെ അഭ്യർത്ഥന മാനേജ്‌മെന്റ് അംഗീകരിച്ചതായി ടീം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു. ഈ സീസണില്‍ പോയന്‍റ് പട്ടികയില്‍ ലക്നൗ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് ക്യാപ്റ്റന്‍റെ പടിയിറക്കം.
‘ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻസി ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റിഷഭ് പന്ത് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അഭ്യർത്ഥന ഉടനടി പ്രാബല്യത്തോടെ അംഗീകരിച്ചതായി ഔദ്യോഗികമായി അറിയിക്കുന്നു’ ടീം പോസ്റ്റില്‍ കുറിച്ചു. റിഷഭ് അഭ്യർത്ഥനയുമായി ടീമിനെ സമീപിക്കുകയായിരുന്നുവെന്നും മാനേജ്മെന്‍റ് അത് ബഹുമാനത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം തീരുമാനങ്ങൾ ഒരിക്കലും എളുപ്പമല്ലെന്നും ക്യാപ്റ്റൻ എന്ന നിലയിൽ റിഷഭിന്‍റെ എല്ലാം സംഭാവനകള്‍ക്കും എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ടീം അറിയിച്ചു. മികച്ച നിലവാരത്തിലേക്കും ഫോമിലേക്കും തിരിച്ചെത്തുന്നതിനായി ടീം പുനഃക്രമീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ലക്നൗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
2025 ലെ ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ വാങ്ങിയത്, എന്നാൽ അതിനുശേഷം, കഴിഞ്ഞ രണ്ട് സീസണുകളിൽ ലക്നൗ ഏഴാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇത്തവണ 14 മത്സരങ്ങളിൽ 4 മത്സരങ്ങൾ മാത്രമായിരുന്നു ലക്നൗവിന് ജയിക്കാനായത്. 8 പോയിന്റുമായി അവസാന സ്ഥാനത്തെത്താണ് ടീം ഫിനിഷ് ചെയ്തത്. ബാറ്റ്‌സ്മാൻ എന്ന നിലയിൽ പന്തിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല, 14 മത്സരങ്ങളിൽ നിന്ന് 312 റൺസാണ് പന്ത് നേടിയത്. 138.05 ആണ് സ്ട്രൈക്ക് റേറ്റ്.
അതേസമയം, പന്തിന് ശേഷം അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന് ലക്നൗ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വരാനിരിക്കുന്ന സീസണിൽ മികച്ച തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ക്യാപ്റ്റനെ യഥാസമയം പ്രഖ്യാപിക്കുമെന്നാണ് ലക്നൗ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.