ഐ.പി.എല്‍. മല്‍സരങ്ങള്‍ ഒരിക്കല്‍പോലും നേരില്‍ ഗ്രൗണ്ടില്‍ പോയി കണ്ടിട്ടില്ല. ഐ.പി.എല്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കാനായിരുന്നു നിയോഗം. അഞ്ചു കളികളില്‍ ഫോര്‍ത്ത് അംപയറായി. ചെന്നൈ, മുബൈ, ലക്നൗ, ഗുജറാത്ത് ടീമികള്‍ മാറ്റുരച്ച രണ്ടു മല്‍സരങ്ങളില്‍ ക്രീസില്‍ അംപയറായി നിലയുറപ്പിച്ചു. ക്രിക്കറ്റ് കളിക്കാരനാകാന്‍ മോഹിച്ചു. അഭിഭാഷകനായ അപ്പന്‍റെ പിന്‍ഗാമിയാകാന്‍ അമ്മ ഒരു ഓഫര്‍ വച്ചു. വീടിന്‍റെ മുന്നിലുള്ള തൃശൂര്‍ ഗവ. ലോ കോളജില്‍ എന്‍ട്രന്‍സ് എഴുതി സീറ്റു വാങ്ങിയാല്‍ ഒരു ലക്ഷം രൂപ സമ്മാനം. മൂത്ത രണ്ടു സഹോദരങ്ങളും ഈ ഓഫറില്‍ വീണില്ല. 

മൂന്നാമത്തെ പുത്രന്‍ അഡ്വ.ടോണി ഇമ്മട്ടി അമ്മയുടെ ഓഫര്‍ സ്വീകരിച്ചു. ലോ കോളജില്‍ പഠിച്ച് അഭിഭാഷകനായി. മനസിലെ ക്രിക്കറ്റ് മോഹം അപ്പോഴും കൈവിട്ടില്ല. കളിക്കാരനായി തിളങ്ങാന്‍ ഒരു ശ്രമം നടത്തി. വിദഗ്ധരായ പരിശീലകര്‍ പറഞ്ഞു. ടോണിയ്ക്കു കളി നന്നാകില്ല. എന്നാല്‍ , പിന്നെ ക്രിക്കറ്റ് മൈതാനത്തു നിറഞ്ഞു നിന്ന് കളി ആസ്വദിക്കാന്‍ എന്താണൊരു വഴി. അങ്ങനെയാണ്, അംപയറാകാന്‍ തീരുമാനിച്ചത്. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പ്രാദേശിക മല്‍സരങ്ങള്‍ നിയന്ത്രിച്ച് അനുഭവ സമ്പത്തു നേടി. ബി.സി.സി.ഐയുടെ അംപയര്‍ പരീക്ഷയും പാസായി. 

180 അംപയര്‍മാരുണ്ട് രാജ്യത്തൊട്ടാകെ. ഇതില്‍ പതിനെട്ടു പേര്‍ക്കാണ് ഐ.പി.എല്‍. നിയന്ത്രിക്കാന്‍ അവസരം. അവരിലൊരാളായി ടോണി തിരഞ്ഞെടുക്കപ്പെട്ടു. കേരള മുന്‍ ക്രിക്കറ്റ് താരം അനന്തപത്മനാഭനായിരുന്നു അംപയര്‍മാരിലെ മറ്റൊരു മലയാളി. ഐ.പി.എല്‍ അംപയര്‍മാരുടെ ലെയ്സണ്‍ ഉദ്യോഗസ്ഥനായി ടൂര്‍ണമെന്‍റിലുടനീളം കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

നിമിഷനേരം കൊണ്ട് കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാനുള്ള ശേഷിയാണ് ഒരു ക്രിക്കറ്റ് അംപയറുടെ ശേഷി. അത്, ടോണിയ്ക്കുണ്ടെന്ന് സംഘാടകര്‍ തിരിച്ചറിഞ്ഞു. നാല്‍പതാം വയസില്‍ അങ്ങനെ, അംപയറായി മാറി. സൈണ്‍ ടൗഫല്‍, ബില്ലി ബൗഡന്‍ തുടങ്ങി അംപയര്‍മാരിലെ കൊമ്പന്‍മാരെപ്പോലെ ഒരുനാള്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തില്‍ അംപയറായി തിളങ്ങണം. ടോണിയുടെ സ്വപ്നം. ഇത്രയും വലിയ നേട്ടം കാണാന്‍ അമ്മ ജീവിച്ചിപ്പിരിപ്പില്ലെന്ന സങ്കടമുണ്ട് ടോണിയ്ക്ക്. സഹോദരന്‍ ടോം ഇമ്മട്ടി ചലച്ചിത്ര സംവിധായകനാണ്. ടൊവിനോ, നീരജ് മാധവ് കൂട്ടുക്കെട്ട് തിളങ്ങിയ മെക്സിക്കന്‍ അപാരതയുടെ സംവിധായകനാണ് ചേട്ടന്‍ ടോം ഇമ്മട്ടി. 

ENGLISH SUMMARY:

Tony Immatty, an IPL umpire from Kerala, fulfilled his dream of officiating in the prestigious Indian Premier League after a journey that saw him transition from aspiring cricketer to lawyer. He is now among the elite few selected to officiate in the IPL, showcasing the quick decision-making skills required of an umpire.