ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ മിന്നും തുടക്കം ലഭിച്ചെങ്കിലും വൈഭവ് സൂര്യവംശിക്ക് അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഡല്‍ഹി താരം മാധവ് തിവാരിയുടെ പന്തിലാണ് വൈഭവ് പുറത്താകുന്നത്. വേഗത കുറഞ്ഞ പന്തില്‍ സിക്സടിക്കാനുള്ള വൈഭവിന്‍റെ ശ്രമം ഡേവിഡ് മില്ലറുടെ കയ്യിലെത്തുകയായിരുന്നു. പന്തിന്റെ വേഗത കണക്കാക്കുന്നതിന് മുന്‍പെ ഷോട്ടിന് മുതിര്‍ന്നതാണ് വൈഭവിന് പിഴച്ചത്.
വിക്കറ്റിന് പിന്നാലെ വേഗത കുറഞ്ഞ പന്തുകളാണോ വൈഭവിനെ കരുക്കാനുള്ള വഴി എന്ന രീതിയിലാണ് ആരാധകരുടെ ചോദ്യം. മത്സരത്തിനു ശേഷം ഇതേ ചോദ്യം രാജസ്ഥാന്‍റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് നേരിട്ടു. വൈഭവിനെ പ്രതിരോധിച്ച് സംസാരിച്ച അദ്ദേഹം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചില്‍ ഏത് ബാറ്റ്സമാനും വേഗത കുറഞ്ഞ പന്തില്‍ ബുദ്ധിമുട്ടും എന്നാണ് പറഞ്ഞത്.
'വൈഭവിന്‍റെ ദൗര്‍ബല്യം സ്ലോ ബോളുകളാണെന്ന് കരുതുന്നില്ല. പന്ത് ഗ്രിപ്പ് ചെയ്യുന്ന വിക്കറ്റില്‍ വേഗതയില്‍ വ്യത്യാസം വരുന്നത് ഏത് ബാറ്റ്സ്മാനെയും കുഴപ്പിക്കും. വൈഭവിനെതിരെ കൂടുതല്‍ ബൗളർമാർ സ്ലോ ബോള്‍ പരീക്ഷിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. പിച്ചിന്റെ അവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ വൈഭവ് മികച്ച തുടക്കമാണ് നല്‍കിയത്', അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സുമായാണ് വൈഭവ് മടങ്ങിയത്. മൂന്നു സിക്സറും അഞ്ച് ബൗണ്ടറിയും വൈഭവ് നേടി. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 486 റണ്‍സാണ് വൈഭവ് സൂര്യവംശി നേടിയത്. 234.78 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് അര്‍ധ സെഞ്ചറിയും ഒരു സെഞ്ചറിയും നേടിയ വൈഭവാണ് രാജസ്ഥാനായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.