India's Vaibhav Sooryavanshi walks back to the pavilion after his dismissal during the first match in the One Day International cricket series played between Zimbabwe and India at Harare Sports Club on July 23, 2026 in Harare. (Photo by Jekesai NJIKIZANA / AFP)
സിംബാബ്വെയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ തന്‍റെ ആദ്യ രാജ്യാന്തര ട്വന്‍റി 20യിെലെ അര്‍ധ സെഞ്ചറി നേടാന്‍ കഴിഞ്ഞത് സന്തോഷം പകരുന്നുവെന്ന് വൈഭവ് സൂര്യവംശി. ലഭിക്കുന്ന അവസരമോ വേദികളോ ഒന്നും താന്‍ നിസാരമായി കാണുന്നില്ലെന്നും ഏറ്റവും മികച്ചത് ടീമിനായി നല്‍കാനാണ് ശ്രമിക്കുന്നതെന്നും വൈഭവ് മല്‍സരശേഷം പ്രതികരിച്ചു. 'അര്‍ധ സെഞ്ചറി നേട്ടം കുടുംബത്തിനും കോച്ചുമാര്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു'- വൈഭവ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധസെഞ്ചറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേപ്പാളിന്‍റെ കുശാല്‍ മല്ലയുടെ റെക്കോര്‍ഡാണ് വൈഭവ് തിരുത്തിയത്.
ഹരാരെയില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞത് തനിക്ക് ആത്മവിശ്വാസം നല്‍കിയിെന്നും രാജ്യാന്തര ക്രിക്കറ്റിലെ മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ താരം അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ മൂന്ന് മല്‍സരങ്ങളില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 10 പന്തില്‍ നിന്ന് 14, 5 പന്തില്‍ നിന്ന് 13, 10 പന്തില്‍ നിന്ന് 15 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മല്‍സരങ്ങളിലെ സ്കോര്‍. വൈഭവിന്‍റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ജയിച്ചു കയറിയ ഇന്ത്യ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ 1–0ത്തിന് മുന്നിലാണ്. ' കരിയറിന്‍റെ തുടക്കത്തില്‍ ഇത്തരം തുടക്കം ലഭിക്കുന്നത് ആരുടെയും ആത്മവിശ്വാസമേറ്റും. ഞാനിപ്പോള്‍ എന്‍റെ സോണിലാണെന്നും കരുത്ത് വീണ്ടെടുത്തുവെന്നുമാണ് തോന്നുന്നത്'– വൈഭവ് വ്യക്തമാക്കി.
വൈഭവിന്‍റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാകുകയാണ് ഹരാരെ. 2026 ലെ അണ്ടര്‍ 19 ലോകകപ്പില്‍ 80 പന്തില്‍ നിന്ന് 175 റണ്‍സ് വൈഭവ് അടിച്ചുകൂട്ടിയതും ഇവിടെയായിരുന്നു. മാസങ്ങള്‍ക്കിപ്പുറം അതേ വേദിയിലൂടെ തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നേട്ടമുണ്ടാക്കാനും വൈഭവിന് കഴിഞ്ഞു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സിംബാബ്വെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ ലക്ഷ്യം കണ്ടു. ബാറ്റിങില്‍ ഇഷാന്‍ കിഷനും (24 പന്തില്‍ 35 റണ്‍സ്) ശ്രേയസ് അയ്യരും (24 പന്തില്‍ 28*) വൈഭവിന് പിന്തുണ നല്‍കി. നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.