വിദേശത്ത് ഇന്ത്യൻ ടീം പവർ പ്ലേയിൽ നേടുന്ന ഏറ്റവും മികച്ച സ്കോറാണ് ന്യൂസീലൻഡിനെതിരെ ഇന്ന് നേടിയത്. സഞ്ജുവിന്റെ 33 പന്തിൽ 67 റൺസും അഭിഷേകിന്റെ 12 പന്തിൽ 29 റൺസുമാണ് പവർ പ്ലേയിൽ ഇന്ത്യയ്ക്ക് മികച്ച വേഗം നൽകിയത്. ഓപ്പണിങിൽ മികച്ച തുടക്കം നേടാനായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സഞ്ജു സാംസൺ.
Also Read: സഞ്ജുവിന്‍റെ അതിരടി; ഇന്ത്യയുടെ 'പവര്‍ പ്ലേ'; അടിച്ചെടുത്തത് റെക്കോര്‍ഡുകള്‍
ടീമിന് മികച്ച തുടക്കം ലഭിച്ചപ്പോൾ തന്നെ മത്സരത്തിന്റെ വിധി നേരത്തെ തന്നെ തീരുമാനിക്കാൻ കഴിയുമെന്ന് താനും അഭിഷേകും കരുതിയിരുന്നതായും സഞ്ജു പറഞ്ഞു. തുടക്കത്തിൽ തന്നെ തകർപ്പൻ തുടക്കം ലഭിച്ചതോടെ ആദ്യ പകുതിയിൽ തന്നെ മല്‍സരം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതി. ആറു ഓവറിൽ 90-ൽ പരം റൺസ്, അതൊരു വലിയ തുടക്കമായിരുന്നു. അതുകൊണ്ട് ഞങ്ങൾ പൂർണമായും ആക്രമിച്ചു കളിക്കാൻ തന്നെ തീരുമാനിച്ചെന്നും സഞ്ജു പറഞ്ഞു.
മികച്ച തുടക്കം ലഭിച്ചാൽ പവർപ്ലേയിൽ തന്നെ മത്സരം തീർക്കാൻ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. ചെറിയ ലക്ഷ്യമാണ് പിന്തുടരുന്നതെങ്കിൽ ബാറ്റിങ് രീതിയിൽ മാറ്റം വരുത്താറില്ല. പവർപ്ലേയിൽ വളരെ മികച്ച തുടക്കം ലഭിക്കുമ്പോൾ സമീപനം വ്യത്യസ്തമായിരിക്കും. ഞങ്ങൾ അതിനെ വളരെ വ്യത്യസ്തമായാണ് കാണുന്നത്. പവർപ്ലേ വ്യത്യസ്തമാണ്, മിഡിൽ ഓവറുകൾ വ്യത്യസ്തമാണ്, ഡെത്ത് ഓവർ ഘട്ടവും വ്യത്യസ്തമാണ്. അതുകൊണ്ട് 170 റൺസാണ് പിന്തുടരുന്നതെങ്കിൽ പോലും മികച്ച തുടക്കം ലഭിച്ചാൽ പവർപ്ലേയിൽ തന്നെ മത്സരം തീർക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നും സഞ്ജു പറഞ്ഞു.
Also Read: ആളിക്കത്തി സഞ്ജു, അടിതെറ്റി കിവീസ്; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം
അഭിഷേകും താനും ഗ്രൗണ്ടിൽ ധാരാളം കാര്യങ്ങൾ സംസാരിക്കാറുണ്ടെന്നും പക്ഷേ അതിലൊന്നും വലിയ കാര്യമില്ലെന്നും സഞ്ജു പറഞ്ഞു. പന്തു ശ്രദ്ധിക്കുകയും ശക്തമായി അടിക്കുകയും മാത്രം ചെയ്യും. ഇത് ഞങ്ങൾക്ക് വർക്കാകാറുണ്ട്. അഭിഷേകിനൊപ്പം ഓപ്പണിങ് ചെയ്യാൻ വളരെ ഇഷ്ടമാണെന്നും സഞ്ജു മത്സര ശേഷം പറഞ്ഞു.