സഞ്ജു തുടങ്ങിയ വെടിക്കെട്ട് പൂർത്തിയാക്കിയത് നമൻ ധീർ. അവസാന ഓവർ വരെ ആവേശം എത്തിച്ച ആദ്യ ട്വന്റി 20യിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചത്. ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ ഇന്ത്യ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്ത് വിജയം സ്വന്തമാക്കി. ഇന്ത്യയുടെ ട്വൻറി 20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ ചെയ്സാണിത്.
Also Read: ആളിക്കത്തി സഞ്ജു, അടിതെറ്റി കിവീസ്; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം
നേരത്തെ ഓസ്ട്രേലിയയ്ക്ക് എതിരെ വിശാഖപട്ടണത്തും ന്യൂസീലൻഡിനെതിരെ റായ്പുരിലും 209 റൺസ് പിന്തുടർന്ന ജയിച്ചതായിരുന്നു ഇതുവരെയുള്ള വലിയ വിജയം.
209/8 vs ഓസ്ട്രേലിയ, വിശാഖപട്ടണം, 2023
209/3 vs ന്യൂസീലൻഡ്, റായ്പൂർ, 2026
208/4 vs വെസ്റ്റ് ഇൻഡീസ്, ഹൈദരാബാദ്, 2019
211/4 vs ശ്രീലങ്ക, മൊഹാലി, 2009 (ലക്ഷ്യം: 207) ഇവയാണ് ഇന്ത്യയുടെ അഞ്ച് വലിയ ചെയ്സിങ് വിജയങ്ങൾ.
ന്യൂസീലൻഡിനെതിരെ ട്വന്റി 20യിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ചെയ്സിങ് വിജയം കൂടിയാണിത്. 244 റൺസ് പിന്തുടർന്ന് ജയിച്ച ഓസീസാണ് കിവീസിനെതിരെ ഏറ്റവും വലിയ വിജയം നേടിയ ടീം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള ഹാഗ്ലി ഓവൽ ഗ്രൗണ്ടിൽ ഒരു ടീം ഇത്രയും വലിയ റൺസ് പിന്തുടർന്ന് ജയിക്കുന്നതും ആദ്യമായാണ്. 2019-20 സൂപ്പർ സ്മാഷിൽ നോർത്തേൺ ഡിസ്ട്രിക്ട്സിനെതിരെ കാന്റർബറി ടീം 223 റൺസ് പിന്തുടർന്ന് ജയിച്ചതാണ് ഇന്ത്യ മറികടന്നത്.
വിദേശത്ത് പവർപ്ലേയിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇന്ത്യ ഇന്നു നേടി. ആദ്യ ആറോവറിൽ 94 റൺസാണ് ഇന്ത്യ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ ഇക്കഴിഞ്ഞ പരമ്പരയിൽ ഇന്ത്യ പവർ പ്ലേയിൽ 100 റൺസ് നേടിയിട്ടുണ്ടെങ്കിലും മത്സരം ഡൽഹിയിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ 2026 ൽ മുംബൈയിൽ നേടി 95 റൺസാണ് രണ്ടാമത്. ന്യൂസിലൻഡിനെതിരെ 2026 ൽ ഗുവാഹത്തിയിലും ഇന്ത്യ 94 റൺസ് നേടിയിട്ടുണ്ട്.
100/0 vs അഫ്ഗാനിസ്ഥാൻ, ഡൽഹി, 2026
95/1 vs ഇംഗ്ലണ്ട്, മുംബൈ, 2025
94/2 vs ന്യൂസീലൻഡ്, ഗുവാഹത്തി, 2026
94/1 vs ന്യൂസീലൻഡ്, ക്രൈസ്റ്റ്ചർച്ച്, 2026
92/0 vs ന്യൂസീലൻഡ്, അഹമ്മദാബാദ്, ട്വന്റി 20 ലോകകപ്പ് ഫൈനൽ, 2026
സഞ്ജുവിന്റെ 33 പന്തിൽ 67 റൺസും അഭിഷേകിന്റെ 12 പന്തിൽ 29 റൺസുമാണ് പവർ പ്ലേയിൽ ഇന്ത്യയ്ക്ക് മികച്ച വേഗം നൽകിയത്. പിന്നീട് വിക്കറ്റുകൾ വീണെങ്കിലും ശ്രേയസ് അയ്യർ നേടിയ 42 റൺസ് ഇന്ത്യയ്ക്ക് മിഡ് ഓവറിൽ വേഗം നൽകി. 15 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിന്ന നമൻ ധീറാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്.