India's bowler Mayank Yadav gestures as he prepares to bowl during the first T20 cricket match between Zimbabwe and India in Harare, Zimbabwe, Thursday, July 23, 2026. (AP Photo/Wonder Mashura)
പരുക്കിനെ തുടര്‍ന്ന് രണ്ടു വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറി നിന്നതിന്‍റെ ക്ഷീണം മായങ്ക് യാദവ് ഹാരാരെയില്‍ തീര്‍ത്തു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റോടെ കളിയിലെ താരം. ഒട്ടും എളുപ്പമായിരുന്നില്ല ഈ മടങ്ങിവരവെന്ന് മായങ്ക് പറയുന്നു. 23–ാം വയസില്‍ തുടര്‍ച്ചയായി പരുക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതോടെ താന്‍ മാനസികമായി തകര്‍ന്നിരുന്നുവെന്ന് താരം കളിക്ക് ശേഷം വെളിപ്പെടുത്തി. 2024 ഒക്ടോബറിലാണ് മായങ്ക് ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയത്.
'കഠിനമായിരുന്നു ഇക്കാലം. വ്യക്തിയെന്ന നിലയില്‍ രണ്ടുവര്‍ഷത്തെ ഈ ഇടവേള ദുരിതമായിരുന്നു. പരുക്കേല്‍ക്കമ്പോള്‍ 22–23 വയസുമാത്രമായിരുന്നു എനിക്ക് പ്രായം. അത്ര ചെറുപ്പത്തില്‍ അതെനിക്ക് താങ്ങാന്‍ പറ്റിയിരുന്നില്ല'- മായങ്ക് പറഞ്ഞു. രാജ്യത്തിനായി കളിക്കണമെന്നത് എല്ലാവരുടെയും കുട്ടിക്കാലം മുതലുള്ള സ്വപ്നമാണെന്നും അതാണ് മുന്നോട്ട് പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മായങ്ക് വെളിപ്പെടുത്തി. 'മടങ്ങിവന്ന് രാജ്യത്തിനായി ഇനിയും കളിക്കണം എന്നായിരുന്നു എന്‍റെ ഏക ലക്ഷ്യം'– താരം കൂട്ടിച്ചേര്‍ത്തു.
ഹരാരെയിലെ സാഹചര്യങ്ങള്‍ തന്‍റെ സ്റ്റൈലിന് ഇണങ്ങുന്നതായിരുന്നുവെന്നും മടങ്ങിവരവ് മികച്ചതാക്കാന്‍ സഹായിച്ചത് വിക്കറ്റാണെന്നും മായങ്ക് വ്യക്തമാക്കി. 'സിംബാബ്വെയെ കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ട്. ഫാസ്റ്റ് ബോളേഴ്സിനെ തുണയ്ക്കുന്ന പിച്ചാണെന്ന്. ഇതാദ്യമായാണ് ഹരാരെയില്‍ ഞാന്‍ കളിക്കുന്നത്. അത് ഗംഭീരവുമായി. വിക്കറ്റ് മികച്ചതായിരുന്നു. അതുകൊണ്ട് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ പറ്റി. ശ്രേയസിന് കീഴില്‍ ഇതാദ്യമായാണ് കളിക്കുന്നത്. ബോളര്‍മാരില്‍ അദ്ദേഹം അര്‍പ്പിക്കുന്ന ആത്മവിശ്വാസം എനിക്ക് കരുത്തായി. പന്തെറിയാന്‍ പോയപ്പോഴെല്ലാം ക്യാപ്റ്റന്‍ എന്നെ വിശ്വസിച്ചു. അത് നല്‍കിയ ഊര്‍ജം ചെറുതല്ല'- മായങ്ക് വിശദീകരിച്ചു.
സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തില്‍ ഏഴുവിക്കറ്റിന്‍റെ സൂപ്പര്‍ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 19 പന്തില്‍ അര്‍ധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടെ മികവിലാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായുള്ള തന്‍റെ ആദ്യ ജയവും ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.