Image Credit: AP (Left), facebook/indiancricketteam (Right)

  • ടീമിന്‍റെ പ്രകടനത്തില്‍ വൈഭവിന്‍റെ ബാറ്റിങും നിര്‍ണായകമാകും. സഞ്ജു ടീമില്‍ ഇല്ലാത്തതിനാല്‍ അഭിഷേകിനൊപ്പം വൈഭവാകും ഓപ്പണറായി ഇറങ്ങുക

സിംബാ​ബ്​വെയ്​ക്കെതിരായ ട്വന്‍റി 20 പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയുടെ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിക്ക് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മല്‍സരങ്ങളില്‍ പാളിച്ച സംഭവിച്ചത് എവിടെയാണന്ന് തിരിച്ചറിയണമെന്നും അത് തിരുത്തി കഠിനാധ്വാനം ചെയ്യണമെന്നും ശ്രേയസ് അയ്യര്‍ ആവശ്യപ്പട്ടു. ' എല്ലാ യുവതാരങ്ങളും ആവശ്യത്തിന് പരിശീലനം നടത്തുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ട്വന്‍റി 20 പരമ്പരയ്ക്ക് ശേഷം എല്ലാവര്‍ക്കും മതിയായ വിശ്രമവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തെറ്റുപറ്റിയത് ഉറപ്പായും വൈഭവ് തിരുത്തണം. വ്യക്തിപരമായി എനിക്ക് മറ്റ് ഉപദേശങ്ങളൊന്നും നല്‍കാനില്ല'- എന്നായിരുന്നു ശ്രേയസിന്‍റെ വാക്കുകള്‍. 

സൂര്യകുമാര്‍ യാദവില്‍ നിന്ന് ഇന്ത്യയുടെ ട്വന്‍റി 20 ടീം നായകനായ ശ്രേയസിന് അയര്‍ലന്‍ഡിനെതിരെയോ ഇംഗ്ലണ്ടിനെതിരെയോ പരമ്പര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ആ നാണക്കേട് സിംബാബ്​വെയ്ക്കെതിരായ പരമ്പരയില്‍ മാറ്റാമെന്ന പ്രതീക്ഷയിലാണ് ശ്രേയസ് ഇന്നിറങ്ങുക. മനസ് സ്വസ്ഥമാക്കിയാണ് ടീം കളിക്കാനിറങ്ങുന്നതെന്നും കഴിഞ്ഞ തോല്‍വികളുടെ ഭാരമേതും ഇല്ലെന്നും ശ്രേയസ് അയ്യര്‍ പറയുന്നു. 'ടീമിലെ യുവതാരങ്ങള്‍ക്ക് തോല്‍വിയുടെ ഭീതിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത്തരം ചിന്തകള്‍ മനസില്‍ കടന്നുകൂടിയാല്‍ അതിനെ അതിജീവിക്കണം. ആ ഭയമില്ലാതെയായാല്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ കഴിയും. കഴിഞ്ഞതിനെ കുറിച്ചോര്‍ക്കുകയല്ല, ഇപ്പോള്‍ എന്താണോ അതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. മികച്ച കളി പുറത്തെടുക്കണം, ടീമായി കളിക്കണം. ആദ്യം ടീം, വ്യക്തികളെ കുറിച്ച് പിന്നീട് ചിന്തിക്കാം'- ശ്രേയസ് നയം വ്യക്തമാക്കി.

ജയിച്ചു കയറാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ടീം ഇന്ത്യയ്ക്കുള്ള അവസരം കൂടിയാണ് സിംബാബ്​വെയ്ക്കെതിരായ പരമ്പര. ടീമിന്‍റെ പ്രകടനത്തില്‍ വൈഭവിന്‍റെ ബാറ്റിങും നിര്‍ണായകമാകും. സഞ്ജു ടീമില്‍ ഇല്ലാത്തതിനാല്‍ അഭിഷേകിനൊപ്പം വൈഭവാകും ഓപ്പണറായി ഇറങ്ങുക. ഹരാരെയില്‍ മുന്‍പ് സെഞ്ചറി നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസം ഇരുവരെയും തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, ഇന്ത്യയെ ഭയമില്ലെന്നും ഇന്ത്യയ്ക്ക് പോന്ന എതിരാളികള്‍ തന്നെയാണ് തങ്ങളെന്നും സിംബാബ്​വെ പറയുന്നു. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ കീഴടക്കിയതിന്‍റെയും ബംഗ്ലദേശ് പര്യടനത്തില്‍ ഏകദിനവും ടെസ്റ്റും സ്വന്തമാക്കിയതിന്‍റെയും ആത്മവിശ്വാസത്തിലാണ് സിംബാബ്​വെ.

ENGLISH SUMMARY:

Shreyas Iyer issues a stern warning to teenage prodigy Vaibhav Suryavanshi ahead of the T20 series against Zimbabwe. The Indian captain emphasizes that team success must always come before individual achievements and urges youngsters to rectify past mistakes. India aims to bounce back from recent defeats under Shreyas Iyer's leadership, with Vaibhav expected to open alongside Abhishek Sharma. Meanwhile, Zimbabwe expresses high confidence following stellar performances against strong international opponents.