മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബിയെ വിജയത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഭുവനേശ്വര്‍ കുമാറിന്‍റെ സിക്സറാണ്. മൂന്നു പന്തില്‍ ഒന്‍പത് റണ്‍സ് വേണ്ട സമയത്താണ് ഭുവനേശ്വര്‍ കുമാര്‍ സിക്സര്‍ കണ്ടെത്തുന്നത്. പവര്‍ പ്ലേയില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവിയുടെ നിര്‍ണായക ബാറ്റിങാണ് ആര്‍സിബിക്ക് തുടര്‍ തോല്‍വികളില്‍ നിന്നും ആശ്വാസം നല്‍കിയത്. 

ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഈ സിക്സാണെന്ന് മത്സര ശേഷം ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞ്. 'ഒരുപാട് തവണ പന്തെറിഞ്ഞിട്ടുണ്ട്. ഇതിന് മുന്‍പും വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ, ആ സിക്സറാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്' എന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞത്. രണ്ടു പന്ത് നേരിട്ട ഭുവനേശ്വര്‍ ഏഴു റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ മുംബൈ ടോപ്പ് ഓര്‍ഡറിനെ എറിഞ്ഞിട്ട ഭുവി ആകെ നാലു വിക്കറ്റും സ്വന്തമാക്കി. 

ഇതുപോലുള്ള പ്രകടനങ്ങള്‍ നടത്തുന്നതിന് കാരണം അച്ചടക്കമാണെന്നും അതിന്‍റെ ക്രെഡിറ്റ് ഫിസിയോയ്ക്കും ട്രെയിനര്‍ക്കും അവകാശപ്പെട്ടതാണെന്നും ഭുവി പറഞ്ഞു. മികച്ച പ്രകടനങ്ങള്‍ക്ക് എവിടെ നിന്നാണ് പ്രചോദനം എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. തന്നെ മുന്നോട്ട് നയിക്കുന്നത് മോട്ടിവേഷനല്ലെന്നും അച്ചടക്കമാണെന്നും ഭുവി പറഞ്ഞു. 'ഇതിനൊപ്പം ഫിസിയോമാരും ട്രെയിനർമാരുമുണ്ട്. ടീമിലും നാട്ടിലും എനിക്കൊരു ഫിസിയോയും ട്രെയിനറും ഉണ്ട്. അവര്‍ കഠിനാധ്വാനം ചെയ്യുന്നു. ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട് അതിന്റെ ക്രെഡിറ്റ് അവർക്ക് കൂടി അവകാശപ്പെട്ടതാണ്' എന്നും ഭുവി പറഞ്ഞു. 

നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റെടുത്തത്. റിയാന്‍ റിക്കല്‍ട്ടന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിങ്ങനെ ടോപ്പ് ഓര്‍ഡറിന്‍റെ വിക്കറ്റാണ് ഭുവി നേടിയത്. 21 വിക്കറ്റോടെ ഭുവനേശ്വറാണ് വിക്കറ്റ് നേട്ടക്കാരില്‍ മുന്നില്‍. 7.47 ആണ് ഇക്കോണമി റേറ്റ്. 

ENGLISH SUMMARY:

Bhuvneshwar Kumar emerged as the hero for RCB in their thrilling victory against Mumbai Indians, contributing significantly with both bat and ball. After dismantling Mumbai's top order with a four-wicket haul in the powerplay, Bhuvneshwar struck a crucial six when RCB needed nine runs off the final three balls. Post-match, he expressed that despite his bowling success, he enjoyed the winning six the most. He credited his disciplined fitness routine and the support of his physios and trainers for his sustained peak performance this season.