ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ പവര്‍ പ്ലേയില്‍ മൂന്നു പേരുടെ വിക്കറ്റ് വീഴ്ത്തിയ ഭുവി മുംബൈ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി. ഈ പ്രകടനത്തിന് പിന്നാലെ ഭുവനേശ്വറിനെ പ്രശംസിച്ചും ഇന്ത്യന്‍ ടീമിലെടുക്കണമെന്നും ക്രിക്കറ്റ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്ലെ ആവശ്യപ്പെട്ടു. ഭുവിയേക്കാള്‍ നന്നായി പവര്‍ പ്ലേയില്‍ പന്തെറിയുന്ന ആരാണുള്ളതെന്നാണ് ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യം.

'ഭുവിയുടെ ബൗളിങ് കണ്ടിരിക്കാന്‍ തന്നെ എന്തൊരു രസമാണ്. എന്തൊരു കഴിവ്. അവസാനം ഇന്ത്യയ്ക്കായി കളിച്ചിട്ട് മൂന്നര വര്‍ഷമായി. എന്നാല്‍ പവര്‍പ്ലേയില്‍ ഭുവിയേക്കാള്‍ നന്നായി പന്തെറിയുന്ന ആരാണുള്ളത്.  ഇന്ത്യൻ തൊപ്പിയിലെ പൊടി തട്ടിയെടുത്ത് അദ്ദേഹം വീണ്ടും നീലക്കുപ്പായത്തിൽ ഇറങ്ങേണ്ട സമയമായോ' എന്നാണ് ഹര്‍ഷയുടെ ചോദ്യം. 

ആദ്യ ഓവറിലെ ആറാം പന്തില്‍ റിയാന്‍ റിക്കിള്‍ട്ടണിനെ പുറത്താക്കിയാണ് ഭുവനേശ്വര്‍ തുടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്‍റെ രണ്ടാം ഓവറില്‍ രോഹിത് ശര്‍മയുടെ വിക്കറ്റും വീണു. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാാദവിനെയും വീഴ്ത്തി. പവര്‍ പ്ലേയില്‍ മൂന്നു വിക്കറ്റാണ് ഭുവി നേടിയത്. 17-ാം ഓവറില്‍ തിലക് വര്‍മെയ വീഴ്ത്തി ഭുവനേശ്വര്‍ നാലാം വിക്കറ്റും നേടി. 57 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ്പ് സ്കോറര്‍.

പവര്‍ പ്ലേയില്‍ 12 വിക്കറ്റുകളാണ് ഈ ഐപിഎല്‍ സീസണില്‍ ഭുവി നേടിയത്. 13 വിക്കറ്റെടുത്ത റബാഡയാണ് മുന്നില്‍. ഐപിഎല്ലിലെ വിക്കറ്റ് വേട്ടയിലും ഭുവനേശ്വര്‍ കുമാര്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റാണ് ഭുവി നേടിയത്. 

ഡല്‍ഹിക്കെതിരായ വിജയത്തിന് ശേഷം ഭുവനേശ്വറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു. ടീമിലെടുക്കണമെന്ന് അന്ന് കൈഫും ആവശ്യപ്പെട്ടിരുന്നു. 2022 ലാണ് ഭുവനേശ്വര്‍ കുമാര്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. 294 രാജ്യാന്തര വിക്കറ്റുകള്‍ നേടിയ താരം, ഈയിടെ ഐപിഎല്ലില്‍ 200 വിക്കറ്റ് തികച്ചിരുന്നു. 

ENGLISH SUMMARY:

Veteran pacer Bhuvneshwar Kumar’s exceptional form in the ongoing IPL has prompted cricket commentator Harsha Bhogle to advocate for his return to the Indian national team. After Bhuvneshwar dismantled Mumbai Indians' top order by taking three wickets in the powerplay, Bhogle questioned if anyone currently bowls better than him with the new ball. Highlighting his skill and experience, Bhogle suggested it might be time to "dust off" his India cap and bring him back into the blue jersey. With 21 wickets in 11 matches this season, Bhuvneshwar currently leads the race for the most wickets in the tournament.