ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി ക്യാപിറ്റൽസ് താരം കൈൽ ജാമിസൺ നടത്തിയ വൈകാരിക പ്രതികരണത്തെ ശക്തമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. കയ്യടിച്ച് ‘തീര്‍ന്നല്ലോടാ നീ’ എന്ന ഭാവത്തിലായിരുന്നു ജാമിസണ്‍ വൈഭവിനെ നോക്കിയത്. എന്നാല്‍ വെറുമൊരു കുട്ടിയായ വൈഭവിനോട് ഇത്രയും വലിയ ഭാവപ്രകടനത്തിന്റെ ആവശ്യമെന്തെന്നാണ് സൈബറിടം ചോദിക്കുന്നത്.

രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ജാമിസണ്‍ന്റെ യോര്‍ക്കറില്‍ വൈഭവിന്റെ സ്റ്റമ്പ് തെറിച്ചത്. വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ജാമിസണ്‍ പ്രകോപിതനായാണ് വൈഭവിനെ യാത്രയാക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ പന്തില്‍ ബൗണ്ടറി നേടിയ വൈഭവിനുള്ള മറുപടി നല്‍കിയെന്ന ആവേശത്തിലായിരുന്നു ജാമിസണ്‍ന്റെ ഇന്നലത്തെ പ്രകടനം. എന്നാല്‍ വൈഭവ് വെറുമൊരു കുട്ടിയാണെന്നും അവനു നേരെ ഇത്രയും മോശം പ്രതികരണം ആവശ്യമില്ലെന്നും ജാമിസണിനെ ഓര്‍മിപ്പിക്കുകയാണ് സോഷ്യലിടം.  

ഈ സീസണില്‍ കളിച്ച പത്ത് മത്സരങ്ങളിലായി വൈഭവ് 404 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചറിയും ഈ നേട്ടത്തിലുള്‍പ്പെടുന്നു. 103 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ഇതുവരെ 34 ഫോറുകളും 37 സിക്‌സറുകളും നേടിയ താരം കൂടിയാണ് വൈഭവ്. അതേസയം തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കൂടി ലക്ഷ്യമിട്ടാണ് വൈഭവ് ഇത്തവണ മത്സരത്തിനിറങ്ങിയത്. 

ടി20യിൽ ഏറ്റവും വേഗത്തിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന താരമാകാൻ വൈഭവിന് ഇനി ഒരൊറ്റ സിക്‌സർ കൂടി മതി. നിലവിൽ ഈ റെക്കോർഡ് കീറോൺ പൊള്ളാർഡിന്റെ പേരിലാണ്. 843 പന്തുകളിലാണ് പൊളളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, 20 വയസ്സിന് താഴെയുള്ള പ്രായത്തിൽ ടി20യിൽ 100 സിക്‌സറുകൾ പറത്തുന്ന ആദ്യ താരം എന്ന ബഹുമതിക്കും ഒരു സിക്സര്‍ മാത്രം അകലെയാണ് വൈഭവ്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും നേട്ടമുണ്ടാക്കിയ ഒരു താരത്തെ ഇത്രയും പ്രകോപനത്തോടെ സമീപിക്കേണ്ടതില്ലെന്നാണ് സോഷ്യല്‍മീഡിയ ജാമിസണ് നല്‍കുന്ന ഉപദേശം. 

Critics Question Jamieson's Reaction to Suryavanshi's Dismissal:

Kyle Jamieson's emotional reaction after dismissing Vaibhav Suryavanshi in an IPL match has drawn strong criticism on social media. Netizens are questioning the need for such an aggressive display towards a young player like Suryavanshi, who has shown promising T20 performance and is close to achieving significant records.