ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീണ്ടും സംസാര വിഷയമായി വൈഭവ് സൂര്യവംശി. അഫ്ഗാനിസ്ഥാന് എതിരായ ത്രിരാഷ്ട്ര ഏകദിനത്തില്‍ വൈഭവിന്‍റെ ഷോട്ട് കിടിലന്‍ ക്യാച്ചിലൂടെ ഫരീദൂൻ ദാവൂദ്‌സായി പിടിച്ചെടുത്തെങ്കിലും തേഡ് അംപയര്‍ ഔട്ട് അനുവദിക്കാത്തതാണ് പുതിയവിഷയം. വൈഭവ് പൂജ്യത്തില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

ഷംസ് ഉർ റഹ്മാൻ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് കിടിലന്‍ ക്യാച്ച് വന്നത്. വൈഭവ് സൂര്യവംശിയുടെ ഷോട്ട് ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് ഫരീദന്‍ ക്യാച്ചെടുത്തു. എല്ലാവരും ഔട്ടെന്ന് കരുതിയിരുന്ന ക്യാച്ച് തേഡ് അംപയര്‍ നോട്ട് ഔട്ട് വിളിച്ചതാണ് അഫ്ഗാനെ അത്ഭുതപ്പെടുത്തിയത്. ക്യാച്ചെടുത്ത ഫരീദന്‍  നിലത്തേക്ക് വീണപ്പോൾ പന്തിന്‍റെ ചില ഭാഗങ്ങൾ നിലത്ത് തട്ടുന്നതായി റീപ്ലേയിലെ ഒരു ഫ്രെയിമിൽ കണ്ടെന്നാണ് അംപയറുടെ വിശദീകരണം. ഈ ഒരൊറ്റ ഫ്രെയിമിന്‍റെ ആനുകൂല്യത്തിലാണ് വൈഭവ് രക്ഷപ്പെട്ടത്.

റീപ്ലേകളില്‍ ഔട്ട് എന്ന തോന്നിച്ചതിനാല്‍ വൈഭവ് ബൗണ്ടറി റോപ്പിന് അടുത്തെത്തിയിരുന്നു. എന്നാല്‍ തേഡ് അംപയര്‍ നോട്ട് ഔട്ട് വിളിച്ചതോടെ വൈഭവ് തിരികെ വരികയായിരുന്നു. തേഡ് അമ്പയറുടെ തീരുമാനത്തിൽ അമ്പരന്ന അഫ്ഗാൻ കളിക്കാർ ഫീല്‍ഡ് അംപയറോട് വിശദീകരണം തേടി. ഫ്രെയിം ബൈ ഫ്രെയിം വിഡിയോ പരിശോധിച്ച തേഡ് അംപയര്‍ പന്തിന്റെ ചില ഭാഗങ്ങൾ നിലത്ത് തൊടുന്നുണ്ടെന്നാണ് നോട്ട് ഔട്ട് വിളിക്കുന്നതിന് മുന്‍പ് നല്‍കിയ വിശദീകരണം. എന്നാല്‍ തേഡ് അംപയറുടെ തീരുമാനത്തെ ക്രിക്കറ്റ് ആരാധകര്‍ ചോദ്യം ചെയ്തു. 

ഈ ക്യാച്ച് എങ്ങനെയാണ് ഔട്ടല്ലാതാകുന്നത്? വൈഭവ് ശരിക്കും ഭാഗ്യവാനാണ് എന്നാണ് ഒരാള്‍ കുറിച്ചത്. പന്ത് നിലത്ത് തട്ടി എന്ന് പറയുന്ന ഫ്രെയിം അവ്യക്തവുമായിരുന്നു എന്നും ആരാധകര്‍ വാദിക്കുന്നു. എന്നാല്‍ മത്സരത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ വൈഭവിന് സാധിച്ചില്ല. എട്ടാം ഓവറില്‍ വൈഭവിന്‍റെ ഇന്നിങ്സ് അവസാനിച്ചു. 

ഫരീദൂൻ ദാവൂദ്‌സായിയുടെ പന്തിൽ വൈഭവിന്‍റെ ഷോട്ട് പിഴയ്ക്കുകയും, കവർ പോയിന്റിൽ ഖാലിദ് താനിവാൽ ക്യാച്ചെടുക്കുകയുമായിരുന്നു. 28 പന്തില്‍ 38 റണ്‍സാണ് വൈഭവ് നേടിയത്. രണ്ട് സിക്സറും നാലു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ആദ്യ വിക്കറ്റില്‍ പ്രിയാൻഷ് ആര്യയുമായി 75 റൺസിന്റെ കൂട്ടുകെട്ടാണ് വൈഭവ് ഉണ്ടാക്കിയത്. മത്സരത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് ഇന്ത്യ നേടിയത്.

ENGLISH SUMMARY:

Indian opening batsman Vaibhav Suryavanshi found himself at the absolute center of a major umpiring controversy during a high-stakes Tri-Nation Series encounter against Afghanistan A. The contentious incident occurred on the third delivery of the second over bowled by Shams Ur Rahman, when Suryavanshi was batting on a duck. Afghanistan's Faridoon Dawoodzai executed what initially appeared to be a stunning, clean diving catch toward his left side at the point position. However, after checking multiple frame-by-frame replays, the third umpire shocked the fielders by ruling the batsman not out, asserting that a small part of the ball had brushed the grass. The surprising reprieve prompted the frustrated Afghan cricketers to seek urgent clarifications from the on-field match officials while fans vehemently debated the decision on social media. Despite surviving the early scare and eventually making thirty-eight runs off twenty-eight balls, Suryavanshi failed to turn his luck into a massive score as he was dismissed in the eighth over.