Image Credit: AFP
അനുവാദമില്ലാതെ തന്‍റെയും കുടുംബാംഗങ്ങളുടെയും ചിത്രം പകര്‍ത്തിയ ആരാധകനോട് കയര്‍ത്ത് ദക്ഷിണാഫ്രിക്കാന്‍ താരം ഹെന്റിച്ച് ക്ലാസന്‍. ഐപിഎലില്‍ സണ്‍റൈസേഴ്സിനായി കളിക്കുന്ന താരം പുറത്തിറങ്ങിയപ്പോഴാണ് ആരാധകന്‍ പിന്നാലെ കൂടിയത്. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ക്ലാസന്‍റെ മുഖം വ്യക്തമല്ലെങ്കിലും സംഭവം അദ്ദേഹത്തോട് അടുത്ത വ്യക്തികള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചിത്രം പകര്‍ത്തുന്നത് കണ്ടതും ' ദയവായി ചിത്രമെടുക്കരുത്, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കൂ, ഫൊട്ടോയെടുക്കല്ലേ' എന്നായിരുന്നു ക്ലാസന്‍ പറഞ്ഞത്. ആരാധകന്‍ വിടാതെ പിന്തുടര്‍ന്നതോടെ താരത്തിന്‍റെ സ്വരവും മാറി. 'നിര്‍ത്തിപ്പോകാനല്ലേ പറഞ്ഞത്, ഫൊട്ടോ എടുക്കരുത്. എന്‍റെയും കുടുംബത്തിന്‍റെയും ഫൊട്ടോയെടുക്കരുത്. ഞാനങ്ങോട്ട് വന്നാല്‍ നിന്നെ തല്ലി താഴെയിടും. മനസിലായോ?'- ക്ലാസന്‍ ദേഷ്യത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
ക്ലാസന്‍ ദേഷ്യപ്പെട്ടതിന് ഒന്നും പറയാനില്ലെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാന്‍ പഠിക്കണമെന്ന് ഒരാള്‍ കുറിച്ചു. സിനിമയില്‍ നായകന്‍ വില്ലനോട് പറയുന്നത് പോലെയുണ്ടെന്നും കുടുംബത്തെ തൊട്ടുകളിക്കുന്നത് ആര്‍ക്കാണ് സഹിക്കുകയെന്നും കമന്‍റുകളുണ്ട്.
ഹൈദരാബാദിനായി മികച്ച പ്രകടനമാണ് ക്ലാസന്‍ നടത്തുന്നത്. മുംബൈക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 30 പന്തില്‍ നിന്ന് 65 റണ്‍സായിരുന്നു താരം നേടിയത്. പ്ലെയര്‍ ഓഫ് ദ് മാച്ചും താരം നേടി.