തനിക്കെതിരെയുള്ള അശ്ലില സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടിയും പാര്‍ലമെന്‍റ് അംഗവുമായ കങ്കണ റണൗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു .
എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും വിഡിയോകളുമടക്കം നീക്കണമെന്നാണ് ആവശ്യം. ഇത്തരം ഉളളടക്കങ്ങള്‍ അപകീര്‍ത്തികരമാണെന്നും വ്യക്തിപരമായ തന്‍റെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കങ്കണ പറഞ്ഞു. മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയാണ് കങ്കണ .
കങ്കണയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിലുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി . വിമര്‍ശനങ്ങളോടോ ഹാസ്യാത്മകമായ അവതരണങ്ങളോടോ അല്ല എതിപ്പ് . അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീല ചുവയുള്ളതുമായ സമൂഹമാധ്യമ പോസ്റ്റുകള്‍ അംഗീകരിക്കാനാകില്ലെന്നതാണ് നിലപാടെന്നും കങ്കണയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കങ്കണയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് വികാസ് മഹാജന്‍ നടിയുടെ വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി. എതിര്‍ കക്ഷികള്‍ക്ക് കോടതി സമന്‍സ് അയച്ചു. എതിര്‍ഭാഗത്തിന്‍റെ വാദംകൂടി കേട്ടശേഷം ഇടക്കാല ഉത്തരവുണ്ടാകുമെന്ന സൂചനയും കോടതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തന്‍റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി വിജയ് ദേവരകൊണ്ട സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. കേസില്‍ ഇടക്കാല ഉത്തരവ് ഉടന്‍ ഉണ്ടാവുമെന്നും കോടതി അറിച്ചു.