dulquer-salmaan-fan-incident-sree-sree-set

തെലുങ്ക് ചിത്രമായ 'ശ്രീ ശ്രീ'യുടെ ചിത്രീകരണത്തിനിടെ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയ വനിതാ ആരാധക സുരക്ഷാവലയം ഭേദിക്കാൻ ശ്രമിച്ചത് സെറ്റിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഔട്ട്ഡോർ ലൊക്കേഷനിലാണ് സംഭവം നടന്നത്. പ്രിയതാരത്തിന് അടുത്തേക്ക് എത്താൻ ആരാധകർ കൂട്ടത്തോടെ ശ്രമിച്ചതോടെ ദുൽഖറിന്റെ സുരക്ഷാ വിഭാഗവും പേഴ്‌സണൽ ടീമും രംഗത്തിറങ്ങി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലാൻഡ് റോവർ ഡിഫെൻഡർ കാറിൽ ദുൽഖർ സൽമാൻ ലൊക്കേഷനിലേക്ക് എത്തിയതോടെയാണ് ആരാധകർ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയത്. ഇതിനിടയിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഒരു വനിതാ ആരാധക ‘പ്ലീസ്, ഒരു ഫോട്ടോ’ എന്ന് അഭ്യർഥിച്ചുകൊണ്ട് താരത്തിന് തൊട്ടടുത്തേക്ക് എത്തുവാൻ ശ്രമിച്ചു. ഇതോടെ ടീമംഗങ്ങൾ ഇവരെ പിന്നോട്ട് മാറ്റുകയും തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാർ വലയം തീർത്താണ് ദുൽഖറിനെ വാനിറ്റി വാനിലേക്ക് സുരക്ഷിതമായി എത്തിച്ചത്. എന്നാൽ പിന്നീട് വാനിറ്റി വാനിന് പുറത്തുവന്ന ദുൽഖർ, ക്ഷമയോടെ കാത്തുനിന്ന ആരാധകർക്കൊപ്പം സെൽഫികളെടുത്തും മറ്റും സ്നേഹം പങ്കുവെച്ചു.

നവാഗതനായ രവി നിലകുടിതി സംവിധാനം ചെയ്യുന്ന 'ശ്രീ ശ്രീ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ദുൽഖർ സൽമാനും നായിക പൂജ ഹെഗ്ഡെയും നിലവിൽ വിശാഖപട്ടണത്തുള്ളത്. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിക്കുന്നത്. രമ്യാ കൃഷ്ണൻ, ജഗപതി ബാബു, ദീക്ഷിത് ഷെട്ടി, റാവു രമേഷ്, സച്ചിൻ ഖേദേക്കർ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതുകൂടാതെ പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശത്തിലോ ഒക താര', 'ലോകഃ ചാപ്റ്റർ 2' എന്നിവയാണ് ദുൽഖറിന്റെ വരാനിരിക്കുന്ന മറ്റ് പ്രധാന പ്രോജക്റ്റുകൾ.

ENGLISH SUMMARY:

Dramatic scenes unfolded on the sets of the upcoming Telugu movie 'Sree Sree' in Visakhapatnam when a female fan tried to breach actor Dulquer Salmaan's security detail. As the actor arrived at the outdoor shoot location in a Land Rover Defender, a large crowd gathered, prompting his personal security team to step in. The fan managed to slip past guards while pleading for a photograph before being gently escorted away as security safely guided Dulquer to his vanity van. Demonstrating his gracious nature, the actor later emerged from his van to patiently pose for selfies and interact with the waiting fans.